തദ്ദേശീയ മലമ്പനി കേസുകള്‍ പൂര്‍ണമായും ഇല്ലാതാക്കും

തൃശൂര്‍: ജില്ലയില്‍ തദ്ദേശീയ മലമ്പനി കേസുകള്‍ പൂര്‍ണമായും ഇല്ലാതാക്കന്‍ ത്വരിത നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. തദ്ദേശീയ മലമ്പനി കേസുകളും ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ട്. തൃശൂര്‍  കോര്‍പറേഷന്‍, ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി, കുന്നംകുളം മുന്‍സിപ്പാലിറ്റി, മാള, കടപ്പുറം, തിരുവില്വാമല, എരുമപ്പെട്ടി, മറ്റത്തൂര്‍ എന്നിവയാണ് ജില്ലയില്‍ മലമ്പനി സാധ്യതാ പട്ടികയില്‍ ഉള്ള പ്രദേശങ്ങള്‍.
ജില്ലാതലത്തില്‍  മലമ്പനി നിവാരണ  പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം  ചെയ്യുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ മലമ്പനി കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മേഖലയിലെ  ജനപ്രതിനിധികള്‍, അനുബന്ധ ഉദ്യോഗസ്ഥര്‍,  മെഡിക്കല്‍ ഓഫിസര്‍മാര്‍  എന്നിവരെ ഉള്‍പ്പെടുത്തി  ഒരു ജില്ലാതല കര്‍മ്മ സമിതി യോഗം കലക്ടറുടെ അദ്ധ്യക്ഷതയി ല്‍  കലക്ടറേറ്റില്‍  ചേര്‍ന്നു.  10 നു തൃശൂര്‍  ടൗണ്‍ ഹാളില്‍ വെച്ച് മലമ്പനി നിവാരണ യജ്ഞത്തിന്റെ  ജില്ലാ തല പ്രഖ്യാപനം നടക്കും.
ഇതിനോടനുബന്ധിച്ചുള്ള ശില്പശാലയും, പ്രദര്‍ശനവും  ടൗണ്‍ ഹാളില്‍ നടക്കും. ജില്ലാതല പരിപാടികള്‍ക്കു പുറമെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലത്തില്‍  കര്‍മ്മ സമിതി യോഗങ്ങളും, മലമ്പനി നിവാരണ യജ്ഞവും  സംഘടിപ്പിക്കും.
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2020  ഓടെ  കേരളത്തില്‍ നിന്നും മലമ്പനി നിവാരണം ചെയ്യുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ 2016  മുതല്‍ സംസ്ഥാനത്ത് നടന്നു വരികയാണ്. ഏപ്രില്‍  25  നു മലമ്പനി ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മലമ്പനി നിവാരണ യജ്ഞം ഔേദ്യാഗികമായി പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്റെ ആന്വല്‍ പാരസൈറ്റിക് ഇന്‍സിഡന്‍സ്  ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് . അതിനാല്‍ വളരെ പെട്ടെന്ന് കേരളത്തിന് മലമ്പനി നിവാരണം എന്ന ലക്ഷ്യം കൈ വരിക്കാന്‍ സാധിക്കും. തൃശൂര്‍ ജില്ലക്ക് 2020 ഓട് കൂടി ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കും എന്നാണ്  കരുതുന്നത്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മലമ്പനി കേസുകള്‍ ഭൂരിഭാഗവും, അന്യ സംസ്ഥാന തൊഴിലാളികളില്‍ നിന്നോ കേരളത്തില്‍ നിന്നും പുറത്ത് പോയി തിരിച്ചു വരുന്നവരില്‍ നിന്നോ ആണ്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മലമ്പനി സ്ഥിരീകരിക്കുകയോ, ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ ആ സ്ഥാപനം അല്ലെങ്കില്‍ ഡോക്ടറോ ,പാരാ മെഡിക്കല്‍ സ്റ്റാഫോ ആ വിവരം ബന്ധപ്പെട്ട സര്‍ക്കാര്‍ ആരോഗ്യ വകുപ്പ് സ്ഥാപനങ്ങളെ  അറിയിക്കേണ്ടതാണ്. മലമ്പനി സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ 24  മണിക്കൂറിനുള്ളില്‍ ചികില്‍സ ഉറപ്പു വരുത്തണമെന്നും ഡിഎംഒ അറിയിച്ചു. മലമ്പനി ചികില്‍സക്ക്  പ്രോട്ടോക്കോള്‍ നിലവിലുള്ളതിനാല്‍ പ്രോട്ടോക്കോള്‍ തെറ്റിച്ച് ചികില്‍സ നടത്തുന്നത്  ക്രിമിനല്‍ കുറ്റകരമായി പരിഗണിക്കുന്നതാണ്. മലമ്പനി ബാധിത പ്രദേശത്തേക്ക് യാത്ര പോകുന്നവര്‍ പ്രതിരോധിത   ചികില്‍സയായ പ്രൊഫിലാക്‌സിസ്  ചികില്‍സ എടുക്കണമെന്നും ഇത് എല്ലാ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണെന്നും ഡിഎംഒ അറിയിച്ചു.

RELATED STORIES

Share it
Top