തദ്ദേശീയ പക്ഷിദിനം: പക്ഷികളുടെ കണക്കെടുക്കുന്നു

പൊന്നാനി: മെയ് 5 പക്ഷിനിരീക്ഷകര്‍ക്കും പക്ഷിശാസ്ത്രജ്ഞര്‍ക്കും ഏറെ പ്രിയപ്പെട്ട ദിവസമാണ്. ഗ്ലോബല്‍ ബിഗ് ഡേയുടെ ഭാഗമായി ഇന്ത്യയില്‍ ഇതേ ദിവസം തദ്ദേശീയ പക്ഷിദിനമായാണ് പക്ഷിനിരീക്ഷകര്‍ കൊണ്ടാടുന്നത്. ലോകത്താകമാനമായി നടക്കുന്ന ഗ്ലോബല്‍ ബിഗ് ഡേയോടനുബന്ധിച്ച് ബേര്‍ഡ് കൗണ്ട് ഇന്ത്യയും മറ്റു പക്ഷിനിരീക്ഷണ സംഘടനകളും ചേര്‍ന്ന് ഏകദിന പക്ഷിനിരീക്ഷണ-ഡോക്യുമെന്റേഷന്‍ കാംപയിന്‍ സംഘടിപ്പിക്കുന്നുണ്ട്. എന്റമിക് ബേര്‍ഡ് ഡേ എന്നാണ് പക്ഷിനിരീക്ഷകര്‍ ഇതിനു പേരിട്ടിരിക്കുന്നത്.
24 മണിക്കൂര്‍കൊണ്ട് പരമാവധി ആവാസവ്യവസ്ഥകള്‍ നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിക്കുകയാണു പരിപാടിയുടെ ലക്ഷ്യം. മെയിലെ വേനല്‍ച്ചൂടില്‍ പല ദേശാടനപ്പക്ഷികളും അവരുടെ ദേശാടനക്കാലം മതിയാക്കി പ്രജനന പ്രദേശങ്ങളിലേക്കു യാത്രയായി തുടങ്ങിയതിനാല്‍ ആഗോളതലത്തിലെ ബിഗ് ഡേ കാംപയിന്‍ ഇന്ത്യയില്‍ ഉദ്ദേശിക്കുന്ന ഫലം ചെയ്യില്ല. ഇതിനാലാണു നമ്മുടെ നാട്ടില്‍ മാത്രം കാണപ്പെടുന്ന തദ്ദേശീയ പക്ഷിഗണങ്ങളെ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച് രേഖപ്പെടുത്താനും ആവാസവ്യവസ്ഥയിലെ മാറ്റങ്ങളും മറ്റും നിരീക്ഷിക്കാനുമായി ഈ ദിനം തിരഞ്ഞെടുത്തതെന്ന് ബേര്‍ഡ് കൗണ്ട് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പറയുന്നു. പക്ഷികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിലെ കുറവു നികത്തുന്നതിനു വേണ്ടിയാണ് ഒട്ടനവധി പക്ഷിനിരീക്ഷണ കൂട്ടായ്മകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ എന്റമിക് ബേര്‍ഡ് ഡേ സംഘടിപ്പിക്കുന്നത്.
ഒരു പക്ഷി ഏതെങ്കിലും പ്രത്യേക ഭൂപ്രദേശത്തോ സവിശേഷമായ ഇടങ്ങളിലോ പ്രത്യേക സ്വഭാവങ്ങളോടുകൂടിയ പ്രദേശത്തോ മാത്രം കാണുന്നവയാണെങ്കില്‍ അതിനെയാണ് തദ്ദേശീയ പക്ഷികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത്. ദക്ഷിണേഷ്യയിലെ എന്റമിക് ആയ (പ്രത്യേക പ്രദേശത്ത് മാത്രം കാണുന്ന) 225 ഇനം പക്ഷികളില്‍ 100ഓളം പക്ഷികള്‍ കേരളത്തിലാണു കാണപ്പെടുന്നത്.
പശ്ചിമഘട്ടത്തിലെ ഇടതൂര്‍ന്ന നിത്യഹരിത വനങ്ങളും മറ്റ് ആവാസകേന്ദ്രങ്ങളുമാണ് കേരളത്തില്‍ ഇത്രയും തദ്ദേശീയ പക്ഷി ഇനങ്ങളുടെ സാന്നിധ്യത്തിനു കാരണം. 2017 മെയ് 5നു നടത്തിയ സര്‍വേയില്‍ 100ഓളം പക്ഷിനിരീക്ഷകര്‍ 1000ഓളം പക്ഷികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

RELATED STORIES

Share it
Top