തദ്ദേശസ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍

കണ്ണൂര്‍: സര്‍ക്കാര്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കെ ജില്ലയില്‍ ട്രഷറി നിയന്ത്രണം തുടരുന്നു. നിയന്ത്രണ നടപടികള്‍ ഈമാസം പകുതി വരെ തുടരാനാണ് തീരുമാനം. ചെലവുകള്‍ കാര്യമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
വന്‍തുകയുടെ ബില്ലുകള്‍ക്ക് ഒരു കാരണവശാലും പണം നല്‍കരുതെന്നാണ് ട്രഷറി ശാഖകള്‍ക്ക് ലഭിച്ച നിര്‍ദേശം. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം മാത്രം വര്‍ധിക്കുന്ന പദ്ധതിച്ചെലവ് ഇക്കുറി നേരത്തേ അനുഭവപ്പെട്ടതാണു പ്രശ്‌നം രൂക്ഷമാക്കിയത്. സാമൂഹികക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ മാത്രം വന്‍തുക വേണം. ഈ സാഹചര്യത്തിലാണ് ട്രഷറി നിയന്ത്രണം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗവ. കരാറുകാരുടെ ബില്ലുകളും മാറിനല്‍കിയിട്ടില്ല. വന്‍ കുടിശ്ശികയാണ് ഈയിനത്തില്‍ സര്‍ക്കാരില്‍നിന്ന് കരാറുകാര്‍ക്ക് ലഭിക്കാനുള്ളത്.
ജിഎസ്ടിയുടെ പേരിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് കരാറുകാര്‍ സഹകരിക്കാന്‍ തയ്യാറായതിനു പിന്നാലെയുള്ള ട്രഷറി നിയന്ത്രണം റോഡ് അറ്റകുറ്റപ്പണികള്‍ വീണ്ടും അവതാളത്തിലാവാന്‍ കാരണമായി. ഒപ്പം ക്വാറി ഉല്‍പന്നങ്ങളുടെ ക്ഷാമവും വിലക്കയറ്റവും കാരണം ഏറ്റെടുത്ത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ക്ക് സാധിക്കുന്നില്ല. ബില്ലുകള്‍ പാസാക്കിയില്ലെങ്കില്‍ വീണ്ടും നിസ്സഹകരിക്കാനാണു കരാറുകാരുടെ സംഘടനകള്‍ ആലോചിക്കുന്നത്.
ട്രഷറി നിയന്ത്രണം കാരണം തദ്ദേശസ്ഥാപനങ്ങളും അവസ്ഥയും മറ്റൊന്നല്ല. ബില്ല് മാറിക്കിട്ടാതായതോടെ തദ്ദേശസ്ഥാപനങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ച മട്ടാണ്. സാമ്പത്തിക പ്രശ്‌നത്താല്‍ വാടകക്കെട്ടിടത്തിലുള്ള അങ്കണവാടികളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി.

RELATED STORIES

Share it
Top