തദ്ദേശസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം: ജില്ലാ കലക്ടര്‍

പത്തനംതിട്ട: ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു.  ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍. വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചെങ്കിലേ ദുരന്തനിവാരണ ഫണ്ട് കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കാന്‍ കഴിയുകയുള്ളുവെന്നും അല്ലാത്ത സാഹചര്യത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ ഫണ്ട് ഇതിനായി വിനിയോഗിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
ജില്ലയിലെ എല്ലാ കുടിവെള്ള പദ്ധതികളുടെയും പമ്പിങ് സ്‌റ്റേഷനുകളിലെ മോട്ടോറുകളുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പാക്കണമെന്നും കേടായവയുണ്ടെങ്കില്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് വാട്ടര്‍ അതോറിറ്റിക്കും ഹാന്‍ഡ് പമ്പുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്ന് ഭൂജല വകുപ്പിനും നിര്‍ദേശം നല്‍കി.
അരുവാപ്പുലം പമ്പ് ഹൗസിലെ മോട്ടോര്‍ കേടായി ജല വിതരണം മുടങ്ങിയിരിക്കുകയാണെന്ന് അടൂര്‍ പ്രകാശ് എംഎല്‍എ പറഞ്ഞു. മൈലപ്ര പഞ്ചായത്തിലും മോട്ടോര്‍ കേടായതിനാല്‍ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. കോന്നി മേഖലയിലെ കല്ലട ജലസേചന പദ്ധതിയുടെ കനാലുകളിലേക്ക് ജലം തുറന്നു വിടണം.
കനാലുകള്‍ എത്രയും വേഗം വൃത്തിയാക്കണം. ചിറ്റാറില്‍ സ്വകാര്യ വ്യക്തി കരം അടയ്ക്കുന്ന ഭൂമിയിലെ തേക്കു തടി മുറിക്കുന്നതിന് വനം വകുപ്പ് അനുമതി നല്‍കണം. കൈപ്പട്ടൂര്‍വള്ളിക്കോട് റോഡ് നവീകരണം നടത്തണം.
കോന്നി ആനക്കൂടിന് സമീപം വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റപ്പണിക്കായി വാങ്ങി നല്‍കിയ വാല്‍വ് സ്ഥാപിച്ച് കുടിവെള്ള വിതരണം പുനസ്ഥാപിക്കണം. കോന്നി ചന്ത മൈതാനത്തെ ഭൂമി അളന്ന് തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് കോന്നി പഞ്ചായത്ത് നല്‍കിയ അപേക്ഷയില്‍ നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
കോന്നി മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതിക്കായി കിണര്‍ നിര്‍മിക്കുന്ന പ്രവൃത്തി മാര്‍ച്ചില്‍ ആരംഭിക്കുമെന്നും അരുവാപ്പുലം മലപ്പാറ കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ നന്നാക്കിയതായും വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എംഎല്‍എയെ അറിയിച്ചു.
പത്തനംതിട്ട മുന്‍സിപ്പാലിറ്റിക്കും സമീപ പഞ്ചായത്തുകള്‍ക്കും വേണ്ടി പുതുതായി ആവിഷ്‌കരിക്കുന്ന ശുദ്ധജല പദ്ധതിയില്‍ പ്രമാടം ശുദ്ധജല പദ്ധതി കൂടി ഉള്‍പ്പെടുത്താന്‍ ധാരണയായതായും തുടര്‍ നടപടി സ്വീകരിക്കുമെന്നും വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഡിവിഷന്‍ എംഎല്‍എയെ അറിയിച്ചു. കലഞ്ഞൂര്‍ പഞ്ചായത്തില്‍ കല്ലറേത്ത് മുതല്‍ മലനട വരെയുള്ള പ്രദേശത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതി ആരംഭിക്കുന്നതിനുള്ള സ്ഥലം പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ തന്നെ കണ്ടെത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു.

RELATED STORIES

Share it
Top