തദ്ദേശഭരണ സ്ഥാപനങ്ങളുടെ നടപടി വാക്കില്‍ മാത്രം; കോടതി നിര്‍ദേശിച്ച സമയം നാളെ അവസാനിക്കും

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച പരസ്യ ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യുന്നതില്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇടപെടല്‍ ഫലപ്രദമാവുന്നില്ല. അനധികൃതമായി സ്ഥാപിച്ച പരസ്യ പ്രചാരണ ബോര്‍ഡുകളും അനുബന്ധ സാമഗ്രികളും നീക്കം ചെയ്യാന്‍ കോടതി നല്‍കിയ സമയപരിധി നാളെ അവസാനിക്കും. എന്നാല്‍, ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ സ്വമേധയാ ഇവ നീക്കണമെന്ന സമീപനമാണ് സംസ്ഥാനവ്യാപകമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.
വാര്‍ത്താമാധ്യമങ്ങളില്‍ അറിയിപ്പു നല്‍കുന്നതിലപ്പുറം കാര്യക്ഷമമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളെന്നപോലെ രാഷ്ട്രീയപ്പാര്‍ട്ടികളെയും ബാധിക്കുന്ന കോടതിവിധി പ്രാവര്‍ത്തികമാക്കുന്നതില്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നാണ് വിവരം. ബോര്‍ഡുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഫീല്‍ഡ് സ്റ്റാഫുകളും ഉത്തരവാദികളാകുമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
ഇതു സംബന്ധിച്ചു മാധ്യമങ്ങള്‍ വഴി അറിയിപ്പു നല്‍കുന്നതില്‍ കവിഞ്ഞ് ക്രിയാത്മക ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. ദേശീയ-സംസ്ഥാനപാതകളിലടക്കം നിയന്ത്രണങ്ങളേതുമില്ലാതെയാണ് കൂറ്റന്‍ ബോര്‍ഡുകള്‍ വരെ സ്ഥാപിച്ചിരിക്കുന്നത്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും യാത്രക്കാര്‍ക്കും കാഴ്ച മറയ്ക്കും വിധം സ്ഥാപിച്ച ബോര്‍ഡുകളും തോരണങ്ങളും സ്ഥാപിച്ചവര്‍ക്കെതിരേ നടപടിയെടുക്കാനോ നിയന്ത്രണം ഏര്‍പ്പെടുത്താനോ നടപടിയുണ്ടാവുന്നില്ലെന്ന പരാതി വ്യാപകമാണ്.
മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി വന്‍തോതിലാണ് പൊതുഇടങ്ങളില്‍ അനധികൃത പരസ്യ പ്രചാരണ ബോര്‍ഡുകളുടെ വര്‍ധന. സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ സ്ഥാപിക്കുന്ന ഇത്തരം ബോര്‍ഡുകള്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതിനും ഇടയാക്കുന്നുണ്ട്. സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊതുഇടങ്ങളില്‍ പരസ്യ ബോര്‍ഡുകളില്‍ സ്ഥാപിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നു മുന്‍കൂട്ടി അനുമതി വാങ്ങണമെന്നാണ് ചട്ടം. അനുമതിക്കുള്ള അപേക്ഷകള്‍ പോലും സമര്‍പ്പിക്കാതെയാണ് നിയമവിരുദ്ധമായി പലരും പരസ്യങ്ങള്‍ ചെയ്യുന്നത്. ഇക്കാരണത്താല്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു ലഭിക്കേണ്ട നികുതി വരുമാനത്തിലും ഗണ്യമായ ഇടിവുണ്ടാകുന്നു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിനു മുന്നിലെ ലളിതമായ സംവിധാനമായിട്ടു പോലും ഇക്കാര്യത്തില്‍ ശക്തമായ നടപടികളില്ലാത്തത് അഴിമതിക്കു കളമൊരുക്കുന്നുണ്ട്. പൊതുഇടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡ് നീക്കം ചെയ്യാന്‍ അതത് കമ്പനികളില്‍ നിന്ന് ചെലവും പിഴയും ഈടാക്കാമെന്നും നിയമ നടപടികള്‍ സ്വീകരിക്കാമെന്നും സിംഗിള്‍ ബെഞ്ച് പുറപ്പെടുവിപ്പിച്ച ഉത്തരവിലുണ്ട്.
പൊതുഇടങ്ങളിലെ അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കുന്ന പരാതികള്‍ നിരവധിയുണ്ടെങ്കിലും കാലങ്ങളായി നടപടിയെടുക്കാറില്ല. ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടലിന് ഉദ്യോഗസ്ഥര്‍ ശ്രമിക്കാത്തത് രാഷ്ട്രീയ സമ്മര്‍ദത്തിന്റെ ഭാഗമാണെന്ന ആക്ഷേപവും ശക്തമാണ്.

RELATED STORIES

Share it
Top