തദ്ദേശഭരണ ഉത്തരവുകളില്‍ ജാഗ്രത പാലിക്കണം : സര്‍ക്കാര്‍സമദ്  പാമ്പുരുത്തി

കണ്ണൂര്‍: തദ്ദേശഭരണ വകുപ്പ് സ്ഥാപന സെക്രട്ടറിമാര്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുമ്പോള്‍ കര്‍ശന ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഗ്രാമപ്പഞ്ചായത്തുകള്‍, നഗരസഭകള്‍ ഉള്‍പ്പെടെ വിവിധ തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളിലെ വീഴ്ചകള്‍ക്കെതിരേ കേസുകളും കോടതി ഇടപെടലുകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. ഇപ്രകാരം പിന്നീട് പല ഉത്തരവുകളിലും തിരുത്തല്‍ വരുത്തുന്നതുമൂലം ബന്ധപ്പെട്ട വകുപ്പിനും സര്‍ക്കാരിനും ഉണ്ടാവുന്ന ക്ഷീണം ചെറുതല്ല. ഇതു രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കുന്നുണ്ടെന്നാണു വിലയിരുത്തല്‍. മുഴുവന്‍ വിഷയങ്ങളിലും അന്തിമതീരുമാനം എടുക്കുന്നതു സെക്രട്ടറിയുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. ഇതുസംബന്ധിച്ചു പഞ്ചായത്ത്-മുനിസിപ്പല്‍ സഭകളുടെയോ അവയുടെ മേധാവികളുടെയോ നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ പോലും സെക്രട്ടറി പരിശോധന നടത്തി രേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ വേണം തീരുമാനമെടുക്കാന്‍. മുഴുവന്‍ ഉത്തരവുകളിലും മുഖ്യകാരണങ്ങള്‍ ചുരുക്കിയെങ്കിലും വിശദീകരിക്കണം. പരാതിപ്രകാരം ഇടക്കാല ഉത്തരവ് നല്‍കുംമുമ്പ് ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തണം. ഇതുസംബന്ധിച്ച റിപോര്‍ട്ട് പരിശോധിച്ചതില്‍ നിന്നു മനസ്സിലാക്കിയ കാര്യങ്ങള്‍ കൃത്യമായി ചൂണ്ടിക്കാട്ടി മാത്രമേ സ്‌റ്റോപ്പ് മെമ്മോ, മരവിപ്പിക്കല്‍ ഉത്തരവ് എന്നിവ പുറപ്പെടുവിക്കാവൂ. പൊതുജന പരാതിപ്രകാരമല്ലാതെ, മറ്റു വകുപ്പുകളില്‍നിന്നു ലഭിക്കുന്ന അറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഉത്തരവുകള്‍ നല്‍കുന്നതെങ്കിലും അതിലും പരിശോധന നടത്തണം. കെട്ടിട പെര്‍മിറ്റ് റദ്ദാക്കുമ്പോള്‍ കെപിബിആര്‍ (കേരള പഞ്ചായത്ത് ബില്‍ഡിങ് റൂള്‍സ്) 16ാം വകുപ്പിലും കെഎംബിആര്‍ (കേരള മുനിസിപ്പല്‍ ബില്‍ഡിങ് റൂള്‍സ്) 16ാം വകുപ്പിലും നിഷ്‌കര്‍ഷിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രം വേണം ഉത്തരവിടാന്‍.  തദ്ദേശഭരണ സ്ഥാപന സെക്രട്ടറിയുടെ ചുമതലകള്‍ രേഖാമൂലം മാത്രമേ കീഴുദ്യോഗസ്ഥര്‍ക്കു കൈമാറാവൂ. ഉദ്യോഗസ്ഥര്‍ നല്‍കുന്ന നോട്ടീസില്‍ ഇക്കാര്യം വ്യക്തമാക്കണം. ഇപ്രകാരമല്ലാതെ സെക്രട്ടറിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഉത്തരവ് പുറപ്പെടുവിക്കരുത്. അനധികൃത കെട്ടിടങ്ങള്‍ക്കെതിരേ നടപടിയെടുക്കുമ്പോള്‍ താല്‍ക്കാലിക ഉത്തരവിനൊപ്പം കാരണംകാണിക്കല്‍ നോട്ടീസും നല്‍കണം. നിയമലംഘനത്തിന്റെ പരിധിയും വ്യാപ്തിയും വ്യക്തമാക്കണം. ഇതിനെതിരേ ആരോപണവിധേയര്‍ നല്‍കുന്ന കേസുകളില്‍ വീണ്ടും നോട്ടീസ് നല്‍കി നിര്‍മാണത്തിന്റെ കാലപ്പഴക്കം നിശ്ചയിക്കണം. പെര്‍മിറ്റ് അപേക്ഷ നിരസിക്കുമ്പോള്‍ ബന്ധപ്പെട്ട നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന കാരണങ്ങള്‍ വ്യക്തമാക്കണം. സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനു മുമ്പ് സെക്രട്ടറിക്കു പുറമേ ഫാക്ടറി ഇന്‍സ്‌പെക്ടര്‍, ഇന്‍ഡസ്ട്രീസ് ഓഫിസര്‍, ഡിഎംഒ, ഡിവിഷനല്‍ ഫയര്‍ ഓഫിസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരുടെ റിപോര്‍ട്ടുകള്‍കൂടി പരിശോധിക്കണം. കെട്ടിടനിര്‍മാണ പെര്‍മിറ്റ് നല്‍കാനോ, നിരസിക്കാനോ സെക്രട്ടറി തീരുമാനിച്ചാല്‍ അതിനെതിരേ അപ്പീല്‍ നല്‍കാനുള്ള അധികാരം പഞ്ചായത്ത്-മുനിസിപ്പല്‍ സഭയ്ക്കില്ല. എന്നാല്‍, പെര്‍മിറ്റ് അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ സെക്രട്ടറി വൈകിയാല്‍ അപേക്ഷകന്‍ സഭയ്ക്കു നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ സഭയ്ക്ക് ഒരുമാസത്തിനകം ഉചിതമായ തീരുമാനമെടുക്കാം.

RELATED STORIES

Share it
Top