തണ്ണീര്‍മുക്കം ബണ്ട് തുറക്കാത്തത് വന്‍വീഴ്ച: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കുട്ടനാട് പ്രളയത്തില്‍ മുങ്ങിക്കിടക്കുമ്പോഴും വെള്ളം പുറത്തേക്ക് ഒഴുകിപ്പോവുന്നതിനായി തണ്ണീര്‍മുക്കം ബണ്ട് തുറന്നു കൊടുക്കാത്തത് വന്‍വീഴ്ചയാണെന്ന് പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കുള്ള തുറന്ന കത്തില്‍ കുറ്റപ്പെടുത്തി.
ഇത്രയും വലിയ പ്രളയമുണ്ടായിട്ടും കുട്ടനാട്ടില്‍ നിന്നു വെള്ളം കടലിലേക്ക് പോവേണ്ട പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നായ തണ്ണീര്‍മുക്കം ബണ്ട് തുറന്നിട്ടില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ തണ്ണീര്‍മുക്കം ബണ്ടിന്റെ നവീകരണ പണികള്‍ മിക്കവാറും പൂര്‍ത്തിയാക്കിയിരുന്നു. പണി പൂര്‍ത്തിയായിട്ടും ബണ്ട് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാത്തത് പ്രത്യേക ചില താത്പര്യങ്ങള്‍ കാരണമാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ബണ്ടിന്റെ പഴയ മണല്‍ചിറ പൊളിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ഒന്ന്. കരാറുകാരനാണോ പഞ്ചായത്തിനാണോ മണലിന്റെ പണം കിട്ടേണ്ടത് എന്നതിനെച്ചൊല്ലി ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നു എന്നാണ് മനസിലാക്കുന്നത്.  ജനങ്ങളുടെ ജീവനാണ് മണലിന്റെ വിലയെക്കാള്‍ വലുത്. ഇത്രയും വൈകി സന്ദര്‍ശനം നടത്തിയ മന്ത്രി മാത്യൂ ടി തോമസ് പക്ഷേ ഇപ്പോഴും ലാഘവത്തോടെയാണ്  കാര്യങ്ങള്‍ കാണുന്നത്.
തണ്ണീര്‍മുക്കം ബണ്ടിന്റെ പണി പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ തിയ്യതിക്ക് വേണ്ടി കാത്തിരിക്കുന്നതിനാലാണ് ഷട്ടറുകള്‍ ഉയര്‍ത്താത്തതെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കുട്ടനാട്ടിലെ പ്രളയ ജലം കടലിലേക്ക് ഒഴുകിപ്പോവേണ്ട മറ്റൊരു മാര്‍ഗ്ഗമായ തോട്ടപ്പള്ളി സ്പില്‍വേയും ഇത്തവണ പ്രയോജനപ്പെട്ടില്ല എന്നതാണ് മറ്റൊരു ദു:ഖകരമായ കാര്യം. അവിടെയും സമയത്തിന് പൊഴി മുറിച്ചില്ല എന്ന പരാതിയാണുയരുന്നത്.
ഗുരുതരമായ വീഴ്ചയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ മനുഷ്യ നിര്‍മിതമായ ദുരന്തമാണോ കുട്ടനാട്ടില്‍  സംഭവിച്ചതെന്ന് സംശയിക്കേണ്ടി വരും. ആലപ്പുഴ തീരം മുഴുവന്‍ കടലാക്രമണത്തിന്റെ പിടിയിലാണ്. അടിയന്തരമായി കടല്‍ ഭിത്തി നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top