തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി; എതിര്‍ക്കുന്നവര്‍ വിഷയം പഠിക്കാത്തവര്‍: മന്ത്രി

കാലടി: തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. നിയമഭേദഗതി വ്യക്തമായി പഠിക്കാത്തവരാണ് നിയമത്തെ എതിര്‍ക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് രണ്ടുലക്ഷം ഹെക്റ്റര്‍ നെല്‍വയല്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. അടുത്ത വര്‍ഷത്തിനുള്ളില്‍ ഇത് 300 ലക്ഷം ഹെക്റ്ററായി ഉയര്‍ത്താനാണു ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കാലടി കൃഷിഭവന്റെ പുതിയ ഓഫിസ് മിനി സിവില്‍ സ്‌റ്റേഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കൃഷിഭവനുകളില്‍ ശാസ്ത്രീയമായ നൂതന മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി മുഴുവന്‍ ബ്ലോക്കുകളിലും അഗ്രോ സര്‍വീസ് സെന്ററുകള്‍ സ്ഥാപിക്കും. ഇതിന്റെ കീഴില്‍ കാര്‍ഷിക കര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കാര്‍ഷിക കര്‍മസേനകള്‍ക്ക് 10 ലക്ഷം രൂപ വരെ ധനസഹായം നല്‍കും. ഒമ്പതുലക്ഷം രൂപ യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിനും ഒരുലക്ഷം രൂപ പരിശീലനത്തിനുമാണ് വിനിയോഗിക്കേണ്ടത്. ഇതു കര്‍ഷകര്‍ നേരിടുന്ന തൊഴില്‍പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ സഹായിക്കും. അടുത്ത വര്‍ഷത്തോടെ മുഴുവന്‍ ബ്ലോക്കുകളിലും കര്‍മസേനകളുടെ രൂപീകരണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കൃഷിഭവനുകള്‍ക്ക് 30 വയസ്സ് പൂര്‍ത്തിയായി.
ഇടമലക്കുടിയില്‍ കൃഷിഭവന്‍ വന്നതോടെ മുഴുവന്‍ പഞ്ചായത്തുകളിലും കൃഷിഭവന്‍ ആരംഭിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. കൃഷിഭവനുകളോടൊപ്പം അഗ്രോ ക്ലിനിക്കുകള്‍ സ്ഥാപിക്കാനുള്ള സംവിധാനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. കൃഷിഭവനുകള്‍ കേവലം സബ്‌സിഡി നല്‍കുന്ന ഇടങ്ങളായി മാറാതെ കര്‍ഷക സേവനകേന്ദ്രങ്ങളായി മാറണമെന്നും മന്ത്രി പറഞ്ഞു. മണ്ണുപരിശോധന മുതല്‍ കീടനിയന്ത്രണം വരെയുള്ള പ്രശ്‌നങ്ങള്‍ക്ക് അഗ്രോ ക്ലിനിക്കുകള്‍ പരിഹാരമുണ്ടാക്കും. ഈ വര്‍ഷം 500 കൃഷിഭവനുകളില്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടുകൊല്ലംകൊണ്ട് മുഴുവന്‍ കൃഷിഭവനുകളിലും ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top