തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തുന്ന സംഘങ്ങള്‍ സജീവം

പുതുക്കാട്: അനധികൃതമായി തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടു നികത്തുന്ന സംഘങ്ങള്‍ മേഖലയില്‍ സജീവം. ഒരു മാസത്തിനിടെ പുതുക്കാട് മണ്ഡലത്തില്‍ മണ്ണിട്ട് നികത്തിയത് ഏക്കര്‍കണക്കിന് നെല്‍വയലുകള്‍. സംരക്ഷിത തണ്ണീര്‍ത്തടമായ കോന്തിപുലം പാടശേഖരം, തലോര്‍ കായല്‍ തോട്, നന്തിക്കര പാടം എന്നിവിടങ്ങളിലുള്ള പാടശേഖരങ്ങളിലാണ് ഒരു മാസത്തിനിടെ വ്യാപകമായി മണ്ണിട്ട് നികത്തിയത്.
ഒറ്റ രാത്രി കൊണ്ട് പാടശേഖരങ്ങള്‍ മണ്ണിട്ടു നികത്താന്‍ ക്വട്ടേഷന്‍ എടുക്കുന്ന മണ്ണ് മാഫിയകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പുതുക്കാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുന്നുകള്‍ ഇടിച്ചു നിരത്തുന്ന മണ്ണാണ് പാടശേഖരങ്ങള്‍ നികത്താന്‍ ഉപയോഗിക്കുന്നത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവില്‍ ഖനനം ചെയ്യുന്ന മണ്ണ് എവിടെ നിക്ഷേപിക്കണമെന്ന നിര്‍ദ്ദേശമില്ലാത്തതും വന്‍തോതില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്താന്‍ മണ്ണെടുപ്പ് സംഘങ്ങള്‍ക്ക് പ്രചോദനമാകുന്നുണ്ട്.
പോലിസിനും ജിയോളജി വകുപ്പിലെ ഉന്നതര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പണം നല്‍കിയാണ് മണ്ണെടുപ്പ് നടത്തുന്നതെന്ന് പരസ്യമായി വിളിച്ചു പറഞ്ഞാണ് രാത്രികാലങ്ങളില്‍ സംഘം മണ്ണെടുപ്പ് നടത്തുന്നത്. പണം കൈപ്പറ്റിയ ഉദ്യോഗസ്ഥര്‍ മണ്ണെടുപ്പ് തടയാന്‍ വരില്ലായെന്ന ഉറപ്പ് നല്‍കുന്നതോടെ മണ്ണ് മാഫിയകളുടെ വിളയാട്ടമാണ് മേഖലയില്‍ നടക്കുന്നത്. അര്‍ദ്ധരാത്രി ആരംഭിക്കുന്ന മണ്ണെടുപ്പ് പുലര്‍ച്ചെവരെ നീളും. ഇതിനിടയില്‍ നൂറ് കണക്കിന് ടിപ്പര്‍ ലോറികളിലായി കൊണ്ടു പോകുന്ന മണ്ണ് പാടശേഖരങ്ങളില്‍ എത്തിയിട്ടുണ്ടാകും. ഒരു രാത്രി കൊണ്ട് കുന്നുകള്‍ അപ്രതീക്ഷമാകുന്നതോടൊപ്പം തണ്ണീര്‍ത്തടങ്ങളും ഇല്ലാതാകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
ഒരു മാസത്തിനിടെ മേഖലയില്‍ ഇത്രയേറെ തണ്ണീര്‍ത്തടങ്ങള്‍ അനധികൃതമായി നികത്തിയിട്ടും ഇതിനുപയോഗിച്ച ഒരു വാഹനം പോലും പോലിസിന് പിടികൂടാന്‍ കഴിയാത്തതിനു കാരണം മണ്ണ് മാഫിയകളും പോലിസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന ആരോപണമുണ്ട്. മണ്ണെടുക്കേണ്ട സ്ഥലങ്ങളും നികത്തേണ്ട പാടശേഖരങ്ങളും കണ്ടെത്താന്‍ മണ്ണ് മാഫിയകള്‍ ഇടനിലക്കാരെയാണ് നിയമിക്കുന്നത്.
രണ്ട് സ്ഥലങ്ങളുടെയും ഉടമകളുമായി ധാരണയിലെത്തുകയും ഒരു രാത്രി കൊണ്ട് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാമെന്ന ഉറപ്പില്‍ വന്‍തുക കൈമാറിയുമാണ് മണ്ണെടുപ്പും നികത്തലും നടത്തുന്നത്. നികത്തിയ തണ്ണീര്‍ത്തടങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ അധികൃതര്‍ കര്‍ശന നടപടിക്ക് മുതിരാത്തതും മണ്ണെടുപ്പ് സംഘങ്ങളുടെ ലാഭം ഇരട്ടിയാക്കുന്നു. പുതുക്കാട് കാഞ്ഞൂര്‍ റോഡിലും,ചെങ്ങാലൂര്‍ മാട്ടുമലയിലുമാണ് ഇപ്പോള്‍ മണ്ണെടുപ്പ് തകൃതിയായി നടക്കുന്നത്. തലോര്‍ കായല്‍ തോട്ടില്‍ 40 സെന്റും, കോന്തിപുലം പാടശേഖരത്തില്‍ 50 സെ ന്റും,  നന്തിക്കര, ചെങ്ങാലൂര്‍, വരന്തരപ്പിള്ളി എന്നിവിടങ്ങളില്‍ ഹെക്ടര്‍ കണക്കിന് നെല്‍വയലുമാണ് മണ്ണിട്ട് നികത്തി രൂപമാറ്റം വരുത്തിയിരിക്കുന്നത്.

RELATED STORIES

Share it
Top