തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തിയ സംഭവം: ആലപ്പുഴ മുന്‍ കലക്ടറടക്കം കുറ്റക്കാര്‍

കോട്ടയം: തോമസ് ചാണ്ടി എംഎല്‍എ ഉടമയായ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിന് തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തിയ സംഭവത്തില്‍ ആലപ്പുഴ മുന്‍ കലക്ടര്‍ എന്‍ പത്മകുമാര്‍ അടക്കമുള്ളവര്‍ കുറ്റക്കാരാണെന്ന് വിജിലന്‍സ് കണ്ടെത്തി. കോട്ടയം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടില്‍ പത്മകുമാറും തോമസ് ചാണ്ടിയും അടക്കമുള്ളവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി തുടരന്വേഷണം നടത്താമെന്നും വിജിലന്‍സ് അറിയിച്ചിട്ടുണ്ട്. ലേക് പാലസ് റിസോര്‍ട്ടിന്റെ സമീപത്തുള്ള തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തി പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിച്ച സംഭവത്തിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയത്. മണ്ണിട്ട് നികത്താന്‍ അനുമതി നല്‍കിയ ആലപ്പുഴ മുന്‍ കലക്ടര്‍ എന്‍ പത്മകുമാര്‍, തോമസ് ചാണ്ടി എംഎല്‍എ, ആര്‍ഡിഒ എന്നിവരടക്കം ആറു പേര്‍ക്കെതിരേ തെളിവുണ്ടെന്നാണ് അന്വേഷണത്തി ല്‍ കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അന്വേഷണത്തിന് ഉത്തരവിറക്കാമെന്നും റിപോര്‍ട്ടില്‍ പറയുന്നു. വലിയകുളം സീറോജെട്ടി റോഡ് നിര്‍മാണം സംബന്ധിച്ച കേസന്വേഷണവുമായി ബന്ധപ്പെടുത്തിയാവും ഈ കേസും അന്വേഷിക്കുക. എന്നാല്‍ ഇരു കേസുകളിലും വെവ്വേറെ കുറ്റപത്രങ്ങളാവും സമര്‍പ്പിക്കുന്നത്. ഇന്ന് കേസ് പരിഗണിക്കുന്ന കോടതി തുടരന്വേഷണം വേണോയെന്ന കാര്യത്തില്‍ വിധിപറയും.

RELATED STORIES

Share it
Top