തട്ടുകടയുമായി എന്‍എസ്എസ് വോളന്റിയര്‍മാര്‍

കൊച്ചി: ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സര്‍ ബോധവല്‍ക്കരണ തട്ടുകടയൊരുക്കി എന്‍എസ് എസ് വോളന്റിയര്‍മാര്‍. എറണാകുളം റീജിയന്‍ ഹയര്‍ സെക്കന്റി നാഷണല്‍ സര്‍വീസ് സ്‌കീം, ജില്ലാ മെഡിക്കല്‍ ഓഫിസ്, ദേശീയ ആരോഗ്യ ദൗത്യം, ജനറല്‍ ആശുപത്രി ഡയറ്ററി വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കാന്‍സര്‍ പ്രതിരോധത്തില്‍ നല്ല ആഹാര ശീലങ്ങള്‍ക്കും വ്യായാമത്തിനും ലഹരി വര്‍ജനത്തിനുമുള്ള പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനാണ് വ്യത്യസ്തമായ ഈ പരിപാടി എന്‍എസ്എസ് വോളന്റീയര്‍മാര്‍ സംഘടിപ്പിച്ചത്. പോഷകമൂല്യമുള്ളതും ആരോഗ്യകരവുമായ ആഹാരശീലങ്ങള്‍ തിരഞ്ഞെടുക്കാത്ത പക്ഷം കാന്‍സര്‍ പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ നമ്മെ തേടിയെത്തിയേക്കാം എന്നോര്‍മപ്പെടുത്തുവാനാണ്  ‘ബോധവല്‍ക്കരണ തട്ടുകട’ ഒരുക്കിയത്.എറണാകുളം ബോട്ടുജെട്ടി പരിസരത്ത് ഒരുക്കിയ തട്ടുകട കോര്‍പറേഷന്‍ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. വി കെ മിനിമോള്‍ ഉദ്ഘാടനം ചെയ്തു. കാന്‍സര്‍രോഗം വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഇത് പ്രതിരോധിക്കുവാനുള്ള മുന്‍കരുതലുകള്‍ എല്ലാവരും അറിയുകയും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യണമെന്നും ഇതുമായി ബന്ധപ്പെട്ട ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിന് വിദ്യാര്‍ഥികളോരോരുത്തരും മുന്നോട്ട് വരണമെന്നും അഡ്വ. മിനിമോള്‍ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ ആര്‍ വിദ്യ കാന്‍സര്‍ ദിന സന്ദേശം നല്‍കി. എന്‍എസ്എസ് റീജ്യനല്‍ കോ-ഓഡിനേറ്റര്‍ ടി എന്‍ വിനോദ്, ഡയറ്റിഷ്യന്‍ സിമി സംസാരിച്ചു. ജില്ലാ മാസ് മീഡിയ ഓഫിസര്‍ സഗീര്‍ സുധീന്ദ്രന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ ജി രജനി, ദേശീയ ആരോഗ്യദൗത്യം കണ്‍സള്‍ട്ടന്റ് എ വിനു, ഡയറ്റീഷ്യന്മാരായ ലക്ഷ്മി, അസ്ര, എന്‍എസ്എസ് വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top