തട്ടുകടകളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത വിലവൈക്കം: തട്ടുകടകളില്‍ ഉപഭോക്താക്കളെ പിഴിയുന്ന അവസ്ഥക്ക് തടയിടാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്കു കഴിയാത്തത് വിവാദമാവുന്നു. ഒരു ചിക്കന്‍ ഫ്രൈയ്ക്ക് 70 മുതല്‍ 80 രൂപവരെയാണ് ഈടാക്കുന്നത്. കോഴിയിറച്ചിക്കു വില കുറയുന്ന സമയങ്ങളില്‍ പോലും ഫ്രൈയുടെ വില കുറയ്ക്കാന്‍ ഇവര്‍ തയ്യാറാവുന്നില്ല. ഇതിനെ പലരും ചോദ്യം ചെയ്യാറുണ്ടെങ്കിലും വില കുറയ്ക്കാന്‍ കച്ചവടക്കാര്‍ കൂട്ടാക്കാറില്ല. തലയോലപ്പറമ്പ്, വൈക്കം, തലയാഴം, വെച്ചൂര്‍, ഉദയനാപുരം, വെള്ളൂര്‍, മുളക്കുളം മേഖലകളിലെല്ലാം പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലും ഹോട്ടലുകളിലും കോഴിയിറച്ചിക്കു തോന്നുന്ന വിലയീടാക്കി ഇവര്‍ വന്‍ലാഭമാണ് കൊയ്യുന്നത്. മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും വില നിര്‍ണയത്തിന് അടിസ്ഥാനമില്ല. ഓരോ കടയിലും തോന്നും വിലയാണ്. കപ്പ, പോട്ടി, കപ്പ, ഇറച്ചി, കപ്പകക്കയിറച്ചി, ദോശ, ഓംലൈറ്റ് എന്നിവക്കെല്ലാം അടിസ്ഥാന വിലയുണ്ടാക്കാന്‍ അധികാരികള്‍ മുന്നിട്ടിറങ്ങണം. ഉപഭോക്താക്കളെ മാന്യമായ രീതിയില്‍ സല്‍ക്കരിക്കുന്ന ചില തട്ടുകടകളും ഹോട്ടലുകളും ഇവര്‍ക്കിടയില്‍ അമിതലാഭം കൊയ്യാതെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തോട്ടുവക്കം പാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ചക്രപാണിയുടെ ഹോട്ടലില്‍ അപ്പം, പുട്ട്, ചെറുകടികള്‍ എന്നിവക്കെല്ലാം മൂന്നു രൂപ മാത്രമാണ് വിലക്കയറ്റത്തിലും ഈടാക്കുന്നത്. അമിതലാഭം പ്രതീക്ഷിക്കുന്നില്ലെന്ന് വൃദ്ധനായ ഈ ഹോട്ടലുടമ പറയുന്നു. ഇതുപോലുള്ള നേര്‍ക്കാഴ്ചകള്‍ വിസ്മരിച്ച പകല്‍ക്കൊള്ള നടത്തുന്ന ഹോട്ടലുകാരെയും തട്ടുകട കച്ചവടക്കാരെയും നിലക്കുനിര്‍ത്താന്‍ ഇനിയെങ്കിലും ഭക്ഷ്യ വകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാടിന്റെ മുക്കിലും മൂലയിലും വീട്ടില്‍ ഊണെന്ന പേരിലും നാടന്‍ തട്ടുകട എന്ന പേരിലും കച്ചവട സ്ഥാപനങ്ങള്‍ മൊട്ടിട്ടു പെരുകുകയാണ്. ഇവര്‍ക്കെല്ലാം പഞ്ചായത്തിന്റെ ലൈസന്‍സുണ്ടോ എന്ന കാര്യം പോലും അവ്യക്തമാണ്. നഗരസഭയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി കച്ചവട സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. ചില സമയങ്ങളില്‍ ഇവരെല്ലാം ആരോഗ്യവകുപ്പ് നടത്തുന്ന റെയ്ഡില്‍ കുടുങ്ങാറുണ്ട്. ഹോട്ടലുകളിലും തട്ടുകടകളിലും ഉപയോഗിക്കുന്ന വെള്ളമാണു പ്രധാന പ്രശ്‌നക്കാര്‍. ഇതെല്ലാം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വകുപ്പ് പല സ്ഥലങ്ങളിലും നിഷ്‌ക്രിയമായ അവസ്ഥയിലാണ്. നഗരസഭയില്‍ ആരോഗ്യ വകുപ്പിന്റെ തലപ്പത്തിരിക്കുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top