തട്ടിയത് 2,654 കോടി: സിബിഐ കേസെടുത്തു

ന്യൂഡല്‍ഹി: വ്യത്യസ്ത ബാങ്കുകളില്‍ നിന്നായി 2,654 കോടി രൂപയുടെ ലോണ്‍ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് വഡോദര ആസ്ഥാനമായുള്ള ഇലക്ട്രിക് കേബിള്‍ കമ്പനിയായ ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെതിരേ (ഡിപിഐഎല്‍) സിബിഐ കേസെടുത്തു. 11 ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യത്തില്‍ നിന്നായി കമ്പനിയുടെ ഡയറക്ടര്‍ എസ് എന്‍ ഭട്ട്‌നാഗറും രണ്ട് മക്കളും ചേര്‍ന്ന് 2,654 കോടി രൂപയാണ് വായ്പയായി നേടിയത്. ഗുജറാത്തിലെ വഡോദരയിലെ ഡിപിഐഎലിന്റെ ഡയറക്ടര്‍മാരുടെ വസതികളിലും ഓഫിസുകളിലും സിബിഐ റെയ്ഡ് നടത്തി. 2008ലാണ് ഡിപിഎല്‍ 2,654 കോടി രൂപ വായ്പയെടുത്തത്.
ഈ വായ്പ നിലനില്‍ക്കെ തന്നെ കണ്‍സോര്‍ഷ്യത്തില്‍ നിന്നു തുടര്‍ന്നും ഇവര്‍ക്ക് വായ്പകള്‍ ലഭ്യമാക്കിയതായി സിബിഐ പറയുന്നു. റിസര്‍വ് ബാങ്കിന്റെ വായ്പ തിരിച്ചടയ്ക്കാത്തവരുടെ പട്ടികയില്‍ ഈ കമ്പനിയും ഇതിന്റെ ഡയറക്ടര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്. മാത്രമല്ല വായ്പ സംബന്ധിച്ച പ്രാഥമിക അനുമതി നല്‍കുന്നതിനു മുമ്പുതന്നെ ഡയമണ്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി എക്‌സ്‌പോര്‍ട്ട് ക്രഡിറ്റ് ഗ്യാരന്റീ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സൂക്ഷിക്കേണ്ടവരുടെ പട്ടികയിലും ഉണ്ടായിരുന്നു. എന്നിട്ടും ഇത്രയും വലിയ തുക ലോണ്‍ ലഭിച്ചതെങ്ങിനെയെന്നത് സംശയാസ്പദമാണ്. കമ്പനിക്ക് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയത് ബാങ്ക് ഓഫ് ഇന്ത്യയാണ്. 670 കോടി രൂപയാണ് ഇവര്‍  നല്‍കിയത്. 19 സ്ഥാപനങ്ങളാണ് ഇവര്‍ക്കു പണം കടം നല്‍കിയത്. ബാങ്ക് ഓഫ് ബറോഡ 349 കോടിയും ഐസി ഐസി ഐ ബാങ്ക് 280 കോടി രൂപയും കടം നല്‍കിയിട്ടുണ്ട്. സിബിഐയുടെ കണക്കുകള്‍ പ്രകാരം, കമ്പനി തെറ്റായ സ്റ്റോക്ക് വിവരങ്ങളാണ് ബാങ്കുകള്‍ക്ക് നല്‍കിയത്. പണം നല്‍കിയ ബാങ്കുകളിലെ ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധമായ സഹായം ഡയമണ്ട് ഇന്‍ഫ്രാസ്ട്രക്ചറിന് ലഭിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

RELATED STORIES

Share it
Top