തട്ടിപ്പ് വീരന്‍ പോലിസിനെ വട്ടംകറക്കുന്നു

എടക്കര: തട്ടിപ്പ് വീരന്‍ ധാനവന്‍ പോലിസിനെ വട്ടം കറക്കുന്നു. എടക്കര പോലിസ് കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയാണ് തെളിവെടുപ്പില്‍ സഹകരിക്കാതെ പോലിസിനെ കുഴയ്ക്കുന്നത്. എറണാംകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി പറമ്പത്തേരില്‍ ധനവാന്‍ എന്ന ദാനശീലന്‍ എന്ന വേണുവാണ് അനേ്വഷണത്തോട് സഹകരിക്കാതെ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നത്.
എടക്കര സ്വദേശിയായ കരാറുകാരന്റെ പരാതിപ്രകാരം അറസ്റ്റിലായ ഇയാളെ നിലമ്പൂര്‍ കോടതി റിമാന്റ് ചെയ്തിരുന്നു. കൂടുതല്‍ തെളിവെടുപ്പിനായാണ് കഴിഞ്ഞ ദിവസം എടക്കര എസ്‌ഐ കെ സജിത് പ്രതിയെ ആറ് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്. പ്രാഥമിക അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലിസിന് ലഭിച്ചിട്ടുള്ളത്. കേരളം കണ്ട തട്ടിപ്പ് പ്രതികളില്‍ അതിപ്രധാനിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.
ഇയാളുടെ തട്ടിപ്പുകള്‍ക്ക് അഭിഭാഷകരുടെ സഹായവും നിയമോപദേശവും ഹൈക്കോടതിയിലെ പ്രത്യേക ബഞ്ചുകളിലെ സ്വാധീനവുമുണ്ടെന്ന് പോലിസ് പറഞ്ഞു. ദുര്‍ബലമായ തെളിവുകള്‍ മാത്രം ബാക്കിയാക്കി സാധാരണക്കാരെ വിശ്വസിപ്പിപ്പിച്ച് കോടികളുടെ മുതലുകളാണ് ഇയാള്‍ കബളിപ്പിച്ചെടുത്തത്. പരാതി കൊടുക്കാന്‍ പോലും കഴിയാതെ നിസ്സാഹയരായി ധാരാളം ഇരകളാണ് ആത്മഹത്യാവക്കില്‍ നട്ടം തിരിയുന്നത്.
തെളിവുകള്‍ ഇയാള്‍ക്കെതിരെ വരാതിരിക്കാന്‍ മുന്‍കൂട്ടിയുള്ള പദ്ധതികളിലൂടെ തട്ടിപ്പുകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനാല്‍  നീതിപീഠങ്ങളില്‍ നിന്ന് പോലും ഇരകള്‍ക്ക് നീതി കിട്ടാനുള്ള പ്രതീക്ഷ ഇല്ലാതാവുന്നു. 1973 മുതല്‍ സംസ്ഥാനത്തും പുറത്തുമായി തട്ടിപ്പിലൂടെ ഇയാള്‍ തട്ടിയെടുത്തത് കിലോ കണക്കിന് സ്വര്‍ണ്ണവും മൊബൈല്‍ ഫോണുകളും  വാഹനങ്ങളും  കോടികളുടെ കാര്‍ഷിക വിളകളും ഭൂമിയും പാര്‍പ്പിട സമുച്ചയങ്ങളുമാണ്. ഇരകള്‍ക്ക് മുതലുകള്‍ കൈവിട്ട് പോവുന്നു എന്ന് മാത്രമല്ല പ്രതികരിക്കുന്നവര്‍ക്കെതിരെ ഭീഷണിയും  കോടതികളില്‍ നിന്നും ഇരകള്‍ക്ക് നിയമനടപടികളും നേരിടേണ്ടിയും വരികയും ചെയ്യുന്നു.
പോലിസിന്റെ തെളിവെടുപ്പില്‍, അഭിഭാഷകന്റെ പ്രേരണപ്രകാരം ദാനവന്‍ പൂര്‍ണ്ണമായുള്ള നിസ്സഹകരണവും നിരാഹാര ഭീഷണിയുമാണ് കൈക്കൊണ്ടത്. ചോദ്യം ചെയ്യലിനോടും തൊണ്ടികള്‍ വീണ്ടെടുക്കുന്നതിലും പൂര്‍ണ്ണമായ നിസ്സഹകരണം കാണിക്കുന്നതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നട്ടം തിരിയുകയാണ്.
പ്രതിയുമായി എറണാംകുളം നോര്‍ത്ത് പറവൂരിലെ കെടാമംഗലം എംഎല്‍എ പടിയിലെ ഫാം ഹൗസിലും നെടുമ്പാശേരിയിലെ നെടുവണ്ണൂരിലെ ആഡംബര വീട്ടിലും കാക്കനാട്ടെ കെട്ടിട സമുച്ചയത്തിലും പോലീസ് പരിശോധനക്ക് എത്തിയെങ്കിലും വീടുകള്‍ അടഞ്ഞ് കിടക്കുകയും ഗേറ്റുകള്‍ ഭീമന്‍ ചങ്ങലയും താഴുമിട്ട് പൂട്ടിയ ശേഷം നായകളെ തുറന്ന് വിട്ടതായും കണ്ടെത്തി.
ഇയാളെ പിടികൂടിയതറിഞ്ഞ് പരിശോധന തടസ്സപ്പെടുത്താന്‍ കുടുംബം സ്ഥലം വിട്ടതാകാമെന്ന് പോലിസ് കരുതുന്നു. പ്രതിക്ക് തമിഴ്‌നാട്ടിലെ ഗൂഡല്ലുര്‍, പൊള്ളാച്ചി, തേനി, വാല്‍പ്പാറ മുതലായ സ്ഥലങ്ങളില്‍ തട്ടിപ്പിലൂടെ സമ്പാദിച്ച ഏക്കര്‍ കണക്കിന് തോട്ടങ്ങളും ഉണ്ടെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിലൂടെ പൊതു, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിച്ചും ലക്ഷങ്ങള്‍ തട്ടിയതിന് ഇയാള്‍ക്കെതിരെ കേസുണ്ട്. ഒരു കേസിലും പ്രതിയെ പോലിസിന് അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഒരു രൂപയുടെ തൊണ്ടി മുതല്‍പോലും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രതിയെ മൂന്ന്  ദിവസത്തെ കസ്റ്റഡിക്ക് ശേഷം തിരിച്ച് കോടതിയിലെത്തിച്ച് റിമാന്റ് ചെയ്തു. എടക്കര സിഐ സുനില്‍ പുളിക്കല്‍, എസ്‌ഐ കെ സജിത്, സ്‌പെഷല്‍ സ്വാക്ഡ് അംഗം എം അസൈനാര്‍, രാജേഷ് കുട്ടപ്പന്‍, അനില്‍ ഉപ്പട, കെ ജാബിര്‍, ഇ ജി പ്രദീപ് നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.

RELATED STORIES

Share it
Top