തട്ടിപ്പ് കേസ്: ജാമ്യാപേക്ഷ തള്ളി

കോട്ടയം: കുന്നത്തുകളത്തില്‍ ഗ്രൂപ്പ് തട്ടിപ്പ് കേസില്‍ നാലാം പ്രതി നീതുവും ആറാംപ്രതി ഭര്‍ത്താവ് ഡോ. ജയചന്ദ്രനും നല്‍കിയ ജാമ്യാപേക്ഷ കോട്ടയം ജില്ലാ കോടതിയും തള്ളി. നേരത്തെ, കോട്ടയം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (മൂന്ന്) കോടതി ഇവരുടെ ജാമ്യഹരജി തള്ളിയിരുന്നു. ഇതിനെതിരേ ജില്ലാ കോടതിയില്‍ ഇവര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ശനിയാഴ്ച നടന്ന വാദത്തിനൊടുവില്‍ ജാമ്യാപേക്ഷ തള്ളി കോടതി ഉത്തരവിടുകയായിരുന്നു. ഇവര്‍ക്കെതിരെയുള്ള ആദ്യകേസിലാണ് കോടതി ഉത്തരവ്. നിലവില്‍ പോലിസ് ഏഴു കേസുകളാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. നീതുവിന് സ്ഥാപനങ്ങളില്‍ ഉടമസ്ഥാവകാശമില്ലെന്ന് നേരത്തെ കോടതിയില്‍ പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍, 2009ല്‍ കുന്നത്തുകളത്തില്‍ ഫിനാന്‍സിയേഴ്‌സില്‍ പങ്കാളിയാണെന്ന് തെളിയിക്കുന്ന ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്‌ട്രേഷന്‍ കേരളയില്‍ നിന്നുള്ള രേഖകള്‍ നിക്ഷേപകരുടെ സംഘടനയായ കുന്നത്തുകളത്തില്‍ ഡെപ്പോസിറ്റേഴ്‌സ് അസോസിയേഷന്‍ കോടതിയില്‍ ബോധിപ്പിക്കുകയായിരുന്നു. കൂടാതെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് 2.46 കോടി രൂപ വായ്പയെടുത്തത് നീതുവിന്റെ പേരിലുള്ള 20 ചെക്കുകള്‍ നല്‍കിയാണെന്നും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top