തട്ടിപ്പു കാലത്ത് പിഎന്‍ബി നേടിയത് മൂന്നു വിജിലന്‍സ് അവാര്‍ഡുകള്‍

ന്യൂഡല്‍ഹി: വജ്രവ്യവസായി നീരവ് മോദിയുടെ 11,300 കോടിയിലേറെ രൂപയുടെ തട്ടിപ്പിനു വേദിയായ പഞ്ചാബ് നാഷനല്‍ ബാങ്ക് (പിഎന്‍ബി) കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സ്വന്തമാക്കിയത് മൂന്നു വിജിലന്‍സ് അവാര്‍ഡുകള്‍. പിഎന്‍ബി ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടന്ന അഴിമതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിടെയാണ് ബാങ്കിനു ലഭിച്ച വിജിലന്‍സ് അവാര്‍ഡുകള്‍ ചര്‍ച്ചയാവുന്നത്.
കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ബാങ്കില്‍ നടന്ന വെട്ടിപ്പുകളെക്കുറിച്ചാണ് ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുവന്നത്. മികച്ച രീതിയില്‍ അഴിമതി തടഞ്ഞതിന്’കേന്ദ്ര വിജിലന്‍സ് കമ്മീഷണറില്‍ നിന്നടക്കം അവാര്‍ഡുകള്‍ പിഎന്‍ബി സ്വന്തമാക്കിയത്. രണ്ട് അവാര്‍ഡുകള്‍ 2017ലാണ് ലഭിച്ചത്. കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ വി ചൗധരിയില്‍ നിന്നാണ് രണ്ടും ഏറ്റുവാങ്ങിയത്. 2017 മാര്‍ച്ചില്‍ കോര്‍പറേറ്റ് വിജിലന്‍സ് എക്‌സലന്‍സ് അവാര്‍ഡാണ് പിഎന്‍ബിയുടെ ചീഫ് വിജിലന്‍സ് ഓഫിസര്‍ എസ് കെ നാഗ്പാല്‍ ഏറ്റുവാങ്ങിയത്. ഹൈദരാബാദിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് നടത്തിയ വിജിലന്‍സ് കോണ്‍ക്ലേവിലാണ് പുരസ്‌കാരം സ്വീകരിച്ചത്. 2015ലും ഈ പുരസ്‌കാരം പിഎന്‍ബിക്ക് ലഭിച്ചിരുന്നു.
2017 ഒക്ടോബറില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സംഘടിപ്പിച്ച വിജിലന്‍സ് വാരാചരണത്തിന്റെ ഭാഗമായാണ് മറ്റൊരു അവാര്‍ഡ് പിഎന്‍ബി സ്വന്തമാക്കിയത്. അഴിമതി തടയുന്നതില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയിരുന്നത്.
അച്ചടക്ക നടപടികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ മികവുറ്റ പ്രവര്‍ത്തനമാണ് പിഎന്‍ബി കാഴ്ചവച്ചതെന്ന് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പറയുന്നു.

RELATED STORIES

Share it
Top