തട്ടിക്കൊണ്ടുപോയ കടയുടമയെ കോയമ്പത്തൂരില്‍ കണ്ടെത്തിപെരിന്തല്‍മണ്ണ: ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ കടയുടമയെ കോയമ്പത്തൂരില്‍ കണ്ടെത്തി. പുത്തനങ്ങാടി പ്രവാസി സ്‌റ്റോര്‍ എന്ന കട നടത്തുന്ന കോയപ്പത്തൊടി ഇസ്മായില്‍ (48) നെയാണ് ഇന്നലെ കോയമ്പത്തൂര്‍ കൊവൈപുത്തൂരില്‍ വച്ച് പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്. കഴിഞ്ഞ ഞാറാഴ്ച്ച പുലര്‍ച്ചെയാണ് കാറിലെത്തിയ സംഘം പുത്തനങ്ങാടിയില്‍ നിന്നു കടയുടമയെ തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ സംഘം ഇതരസംസ്ഥാനക്കാരാണെന്ന് പോലിസ് പറഞ്ഞു. സംഘത്തില്‍ ആറ് പേരോളം ഉണ്ടെന്നും മലയാളികളില്ലെന്നുമാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഇസ്മായീലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണെന്ന് വിശ്വസിപ്പിച്ചാണ് അനേഷണസംഘം ക്വട്ടേഷന്‍ സംഘത്തെ ബന്ധപ്പെട്ടത്. ആദ്യം ഇസ്മായിലിനെ ചന്ദ്രനഗറിലും ബസ് സ്റ്റാന്‍ഡിലും കൊവൈ ഉക്കടത്തും എത്തിക്കുമെന്ന് അറിയിച്ചെങ്കിലും അവസാനം കോവൈ പുത്തുരില്‍ കണ്ണ് കെട്ടി വാഹനത്തിലെത്തിച്ച് ഇറക്കിവിടുകയായിരുന്നു. ഇസ്മായിലിനെ ലഭിച്ചതോടെ അന്വേഷണസംഘം കോയമ്പത്തൂരില്‍ സംഘത്തിന്നു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശാരീരികമായി തളര്‍ന്ന ഇസ്മായിലിനെയുമായി നാട്ടിലേക്ക് മടങ്ങിയ അന്വേഷണസംഘം ഇദ്ദേഹത്തെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്വട്ടേഷന്‍ സംഘം കാറിലേക്ക് ബലമായി വലിച്ചു കയറ്റിയതിനെ തുടര്‍ന്ന് കാലില്‍ മുറിവ് പറ്റിയിരുന്നു.  ഇസ്മായിലിനെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ചുള്ള കാരണം വ്യക്തമായിട്ടില്ല. കൊളത്തൂര്‍ എസ്‌ഐ വിഷ്ണു, ഉദ്യോഗസ്ഥരായ സി പി മുരളീധരന്‍, മോഹന കൃഷ്ണന്‍, എന്‍ വി കൃഷ്ണകുമാര്‍, എം മനോജ് എന്നിവരുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘത്തോടൊപ്പം ഇസ്മായിലിന്റെ സഹോദരങ്ങളും കോയമ്പത്തൂരിലേക്ക് പോയിരുന്നു.

RELATED STORIES

Share it
Top