തടവുകാരോട് കാരുണ്യം കാണിക്കുന്നത് ന്യായം

തടവുകാരുടെ ശിക്ഷാ കാലാവധിയില്‍ ഇളവു നല്‍കുന്നതിനു വിദ്യാഭ്യാസം ഉപാധിയാക്കുന്ന പുതിയൊരു സമ്പ്രദായം മഹാരാഷ്ട്രയിലെ ജയില്‍ വകുപ്പ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു. ജയില്‍മോചനത്തിനു വിദ്യാഭ്യാസം മാനദണ്ഡമാക്കുന്ന ഈ പുതിയ രീതി അങ്ങേയറ്റം അഭിനന്ദനാര്‍ഹവും പ്രോല്‍സാഹജനകവുമാണ്. ശിക്ഷ വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ നേടുന്ന വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് അവര്‍ അനുഭവിക്കേണ്ട ശിക്ഷാദിനങ്ങളില്‍ ഇളവു നല്‍കും.
ഇതു പ്രകാരം സെക്കന്‍ഡറി തലത്തിലെ എസ്എസ്‌സിയോ എച്ച്എസ്‌സിയോ പാസാവുന്ന ഒരു തടവുകാരന് അഞ്ചു ദിവസത്തെ ശിക്ഷയിളവു ലഭിക്കും. എ ഗ്രേഡ് സമ്പാദിക്കുകയാണെങ്കില്‍ എട്ടു ദിവസത്തിന്റെ ആനുകൂല്യമാണ് ലഭിക്കുക. ബിരുദപഠനം പൂര്‍ത്തീകരിക്കുന്ന ജയില്‍ അന്തേവാസിക്ക് 15 ദിവസം നേരത്തേ വീട്ടില്‍ പോകാം. മറ്റു ചില ഇളവുകളുമുണ്ട്.
അതീവസുരക്ഷയുള്ളവ ഉള്‍പ്പെടെ 54 ജയിലുകളില്‍ പദ്ധതി നടപ്പാക്കും. വന്‍ കുറ്റകൃത്യങ്ങള്‍ക്കു ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് തല്‍ക്കാലം ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. ഇന്ദിരാ ഗാന്ധി ഓപണ്‍ യൂനിവേഴ്‌സിറ്റി തുടങ്ങിയ ചില സ്ഥാപനങ്ങളുമായി ജയില്‍ വകുപ്പ് ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയിട്ടുമുണ്ട്. പദ്ധതി വിജയിക്കുകയാണെങ്കില്‍ തടവുകാര്‍ക്കു മാത്രമല്ല, അവരുടെ കുടുംബങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ജയില്‍ വകുപ്പ് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.
തടവുകാരുടെ ക്ഷേമവും ഭാവിയുമൊക്കെ മുന്‍നിര്‍ത്തി ജയില്‍ പരിഷ്‌കാരത്തിനായുള്ള നിരവധി നിര്‍ദേശങ്ങളും ശുപാര്‍ശകളും ഇതിനകം മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. വമ്പിച്ച സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കുറ്റകൃത്യങ്ങളുടെ കാര്യത്തിലൊഴികെ, ജീവിതത്തിലെ ഏതെങ്കിലും അഭിശപ്ത നിമിഷത്തില്‍ സംഭവിച്ച കൈപ്പിഴയോ അല്ലെങ്കില്‍ ബോധപൂര്‍വം തന്നെ ചെയ്ത കുറ്റകൃത്യമോ അടിസ്ഥാനമാക്കി ഒരാളെ കാലാകാലം തടവിലിടുകയെന്നത് ഒരു പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല.
പലപ്പോഴായി പുറത്തുവന്നിട്ടുള്ള വിവിധ പഠനങ്ങള്‍ പ്രകാരം സമൂഹത്തിലെ താഴേത്തട്ടില്‍ ഉള്ളവരാണ് ജയിലില്‍ കഴിയുന്നവരില്‍ സിംഹഭാഗവും. മുസ്‌ലിംകളും ദലിതുകളും മറ്റു പിന്നാക്ക വിഭാഗങ്ങളുമാണ് ഇക്കൂട്ടത്തിലേറെയും. അവരുടെ സാമൂഹിക പിന്നാക്കാവസ്ഥ ഒരു പരിധി വരെ അവരെ കുറ്റവാളികളാക്കുന്നതില്‍ പങ്കുണ്ട്. വിദ്യാഭ്യാസത്തിന്റെ അഭാവം, ദാരിദ്ര്യം എന്നിവയെല്ലാം  നിര്‍ണായകമാണ്. തീവ്രവാദമുദ്ര ചാര്‍ത്തിയും മറ്റും  പെട്ടുപോകുന്നവരും ഇക്കൂട്ടത്തിലുണ്ട്.
നിയമസഹായം ലഭിക്കാത്തതു കൊണ്ടുതന്നെ നീതി കിട്ടാതെപോകുന്നവരാണ് ഇവരിലേറെയും. കേസുകള്‍  കെട്ടിക്കിടക്കുന്നതിനാല്‍ തടവുജീവിതം അനന്തമായി നീളുന്ന ഹതഭാഗ്യരുമുണ്ട്. നിയമ നടപടികള്‍ക്കു വേണ്ടിവരുന്ന ഭാരിച്ച സാമ്പത്തികച്ചെലവ് വഹിക്കാനാവാത്ത നിര്‍ധനരും നിരാലംബരുമാണ് തടവുകാരില്‍ കൂടുതലെന്നതും നീതി നിഷേധിക്കപ്പെടുന്നതിനു കാരണമാവുന്നു. ബ്രിട്ടിഷുകാരുടെ കാലത്തേതില്‍ നിന്നു ഭിന്നമല്ലാത്ത പ്രാകൃത സമ്പ്രദായങ്ങള്‍ ഇപ്പോഴും ഇന്ത്യന്‍ ജയിലുകളില്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം വസ്തുതകള്‍ മുന്നിലുള്ളപ്പോള്‍ മഹാരാഷ്ട്ര ജയില്‍ വകുപ്പിന്റെ ഇപ്പോഴത്തെ തീരുമാനം പ്രതീക്ഷയ്ക്കു വകനല്‍കുന്നതു തന്നെയാണ്.

RELATED STORIES

Share it
Top