തടവിലുള്ള ഈജിപ്ഷ്യന്‍ ഫോട്ടോ ജേണലിസ്റ്റിന് യുഎന്‍ പ്രസ് ഫ്രീഡം അവാര്‍ഡ്‌

കെയ്‌റോ: ഈജിപ്തില്‍ ജയിലില്‍ കഴിയുന്ന ഫോട്ടോ ജേണലിസ്റ്റ് ഷവ്കാന്‍ എന്ന മഹ്മൂദ് അബു സൈദിന് യുഎന്നിന്റെ വേള്‍ഡ് പ്രസ് ഫ്രീഡം അവാര്‍ഡ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി ധൈര്യസമേതം സ്വയം സമര്‍പ്പിച്ച വ്യക്തിയാണ് മഹ്മൂദെന്ന് പുരസ്‌കാരത്തിനു തിരഞ്ഞെടുത്തുകൊണ്ട് യുനെസ്‌കോ ജൂറി തലവന്‍ മരിയ റെസ്സ പറഞ്ഞു. ലോക പത്രസ്വാതന്ത്ര്യ ദിനമായ മെയ് രണ്ടിന് പുരസ്‌കാരം സമ്മാനിക്കുമെന്നും യുനെസ്‌കോ അറിയിച്ചു.
പ്രസിഡന്റ് സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട മുഹമ്മദ് മുര്‍സിയുടെ അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ കെയ്‌റോയിലുണ്ടായ സംഘര്‍ഷം ചിത്രീകരിക്കുന്നതിനിടെ 2013 ആഗസ്തിലാണ് മഹ്മൂദ് അറസ്റ്റിലായത്. ഇദ്ദേഹത്തിനു വധശിക്ഷ വിധിച്ച നടപടിക്കെതിരേ ലോകവ്യാപകമായി പ്രതിഷേധം രൂപപ്പെട്ടിരുന്നു.
2013ല്‍ മുര്‍സിയെ പട്ടാള ഭരണകൂടം പുറത്താക്കിയതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ആക്രമണത്തില്‍ മൂന്നു മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. നിലവില്‍ 30ലധികം മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയിലാണ്. ഈജിപ്തില്‍ ആദ്യമായി ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ പ്രസിഡന്റാണ് മുര്‍സി. 2012ലാണ് അദ്ദേഹം അധികാരമേറ്റത്. അടുത്ത വര്‍ഷം തന്നെ പട്ടാള ഭരണകൂടം അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.  മഹ്മൂദിന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം ദുഃഖകരമാണെന്ന് ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

RELATED STORIES

Share it
Top