തടയണ നിര്‍മാണത്തില്‍ അപാകതയെന്ന് ആക്ഷേപം

എരുമേലി: ശബരിമല തീര്‍ത്ഥാടകരേറെയും കുളിക്കാനെത്തുന്ന ഓരുങ്കല്‍കടവിലും കൊരട്ടിയിലും നിര്‍മിച്ച തടയണകള്‍ തട്ടിപ്പാണെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി. മേജര്‍ ഇറിഗേഷന്‍ വകുപ്പാണു തടയണകള്‍ കരാര്‍ നല്‍കി നിര്‍മിച്ചത്. എരുമേലി വലിയ തോട്ടില്‍ രണ്ട്, കൊരട്ടി, ഓരുങ്കല്‍കടവ്, കണമല എന്നിവിടങ്ങളില്‍ ഒന്നു വീതവും ഉള്‍പ്പടെ മൊത്തം അഞ്ചു തടയണകളാണു നിര്‍മിച്ചത്.
ഒപ്പം മുന്നറിയിപ്പു വേലികളും അപകട സൂചനാ ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ഓരുങ്കല്‍കടവില്‍ കോണ്‍ക്രീറ്റ് കല്‍പ്പടവുകളും നിര്‍മിച്ചിട്ടുണ്ട്. ഇതിനെല്ലാമായി 29 ലക്ഷം രൂപയാണ് ചെലവിടുന്നത്. എന്നാല്‍ ഇത്രയും തുക കൂടുതലാണെന്നും നിര്‍മാണത്തിനു കാര്യമായ തുക വേണ്ടിവരില്ലെന്നുമാണു നാട്ടുകാരുടെ പ്രധാന പരാതി. മെറ്റല്‍ ചിപ്‌സുകള്‍ ചാക്കുകളില്‍ നിറച്ച് അടുക്കിയാണ് തടയണകള്‍ നിര്‍മിച്ചിരിക്കുന്നത്.
കുറഞ്ഞ തുക നിര്‍മാണ ചെലവ് വേണ്ടിവരുന്നിടത്ത് വന്‍ തുക വകയിരുത്തിയത് അഴിമതിയാണെന്നാണ് ആക്ഷേപം. ഓരുങ്കല്‍കടവില്‍ ദുര്‍ബലമായ നിലയിലാണ് തടയണ നിര്‍മിച്ചതെന്ന് പരാതിയുണ്ട്.
ജലനിരപ്പ് തീരെ താഴ്ന്ന ഇവിടെ തടയണയില്‍ വെള്ളം സംഭരിക്കപ്പെടുന്നില്ല. സംഭരണ ശേഷി ഉയര്‍ത്താനായി തടയണയുടെ ഉയരം വര്‍ധിപ്പിച്ചാല്‍ തകരുന്ന സ്ഥിതിയാണ്. കൊരട്ടിയിലെ തടയണയില്‍ നിന്നും മെറ്റല്‍ ചിപ്‌സ് ചാക്കുകള്‍ ഒഴുകിപ്പൊയ്‌ക്കൊണ്ടിരിക്കുകയാണ്. വേനല്‍ ചൂട് ശക്തമായിരിക്കെ ജലക്ഷാമം വര്‍ധിക്കുമെന്നുള്ളത് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ തടയണകള്‍ പൊളിച്ചു പുതുക്കി നിര്‍മിക്കണമെന്നും നിര്‍മാണം ജല സംഭരണം ഉയര്‍ത്തുന്ന വിധമായിരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ചു പരാതി നല്‍കാനും തീരുമാനിച്ചു. അതേസമയം നിര്‍മാണത്തില്‍ അപാകതകളില്ലെന്നു മേജര്‍ ഇറിഗേഷന്‍ വിഭാഗം പറയുന്നു. ജലക്ഷാമത്തിന് അനുസരിച്ച് തടയണകളുടെ ഉയരവും ശേഷിയും വര്‍ധിപ്പിക്കണമെന്ന വ്യവസ്ഥയിലാണ് കരാര്‍ നല്‍കിയിരിക്കുന്നതെന്ന് അസി.എന്‍ജിനീയര്‍ രേണുമോള്‍ പറഞ്ഞു.
ഓരുങ്കല്‍കടവില്‍ ജല സംഭരണം ദുര്‍ബലമായ നിലയില്‍ തടയണ

RELATED STORIES

Share it
Top