തടയണകള്‍ ജലസമൃദ്ധമായിട്ടും കുടിവെള്ളക്ഷാമം രൂക്ഷം

പട്ടാമ്പി: തൂതപ്പുഴയിലെ തടയണകള്‍ ജലസമൃദ്ധമായിട്ടും പുഴയോര പഞ്ചായത്തുകളില്‍ ശുദ്ധജല ക്ഷാമത്തിനു മാത്രം പരിഹാരമില്ല. വാര്‍ഡുകളിലെ ശുദ്ധജല ക്ഷാമത്തിനു അടിയന്തിര പരിഹാരം കാണാന്‍ പ്രത്യേക ഫണ്ടുകള്‍ അനുവദിച്ചു യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണു തദേശ സ്ഥാപന അധികൃതര്‍ പറയുന്നത്.
എന്നാല്‍ ശുദ്ധജല ദൗര്‍ലഭ്യം തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളും ലോറികളിലും മറ്റും ശുദ്ധജലം വിതരണം ചെയ്തിരുന്നതും ഇത്തവണ കുറഞ്ഞു. കടുത്ത വേനലില്‍ കുടിക്കാന്‍ വെള്ളം കിട്ടാതെ ആയിരക്കണക്കിനു കുടുംബങ്ങളാണു വലയുന്നത്. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായ ജലവിതരണ പദ്ധതികളൊന്നും കാര്യക്ഷമമല്ല. ഇരുകരയും മുട്ടി വെള്ളം നിറഞ്ഞു നില്‍ക്കുന്ന മപ്പാട്ടുകര, കട്ടുപ്പാറ, പുലാമന്തോള്‍ ചെക്കു ഡാമുകളും ചെറുതും വലുതുമായ താല്‍ക്കാലിക തടയണകളും പുഴയോര പഞ്ചായത്തുകള്‍ ഉപയോഗിക്കുന്നില്ല. തടയണ പ്രദേശത്തെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വഴി വിതരണം ചെയ്യുന്ന മലിന ജലമാണു ജനം കുടിക്കുന്നത്. ചെക്ക് ഡാമുകളിലെ ജലസമൃദ്ധി പുഴയോര പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും വെള്ളം കിനിയാന്‍ കാരണമാകുമെന്നു പ്രതീക്ഷിച്ചെങ്കിലും കിണറുകള്‍ വരണ്ടുണങ്ങി. തൊഴിലുറപ്പ്, കുടുംബശ്രീ തൊഴിലാളികളെ ഉപയോഗിച്ചു നിര്‍മിച്ച കിണറുകളും വറ്റിവരണ്ടു. പൊതുവിതരണ പദ്ധതികളെ ആശ്രയിക്കുന്ന കോളനിവാസികള്‍ക്കു ദുരിതം തന്നെ. 2017 മാര്‍ച്ചില്‍ നാടിനു സമര്‍പ്പിക്കുമെന്നു പ്രഖ്യാപിച്ച കുലുക്കല്ലൂര്‍ പഞ്ചായത്തിലെ മപ്പാട്ടുകര മേജര്‍ കുടിവെള്ള പദ്ധതി വര്‍ഷം ഒന്നു കഴിഞ്ഞിട്ടും എങ്ങുമെത്തിയിട്ടില്ല. ചെറുതും വലുതുമായ പഞ്ചായത്ത് കുടിവെള്ള പദ്ധതികളെല്ലാം നോക്കു കുത്തിയാണ്.
ജനകീയാസൂത്രണ പദ്ധതിയിലും മറ്റും നിര്‍മിച്ച കിണറുകളും കുഴല്‍കിണറുകളും വാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണികളും പലതും പൂട്ടിക്കിടക്കുകയാണ്. വിളയൂര്‍, തിരുവേഗപ്പുറ പുഴയോര പഞ്ചായത്തുകളിലെ സ്ഥിതിയും ഭിന്നമല്ല. കൊപ്പം, വിളയൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കരിങ്ങനാട് കുണ്ടിലെ മേജര്‍ കുടിവെള്ള പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നാണു പഞ്ചായത്ത് പ്രസിഡന്റുമാര്‍ പറയുന്നതെങ്കിലും തുടര്‍ നടപടികള്‍ ഇഴയുകയാണ്.

RELATED STORIES

Share it
Top