തങ്കമണി എഎസ്‌ഐ മദ്യലഹരിയില്‍ തകര്‍ത്തത് മൂന്ന് വാഹനങ്ങള്‍

ഇടുക്കി: മദ്യലഹരിയില്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ടുണ്ടായ അപകട പരമ്പരയില്‍ തങ്കമണി പോലിസ് സ്റ്റേഷനിലെ എഎസ്‌ഐ ടി സി റോയിമോനെതിരേ മുണ്ടക്കയം പോലിസ് കേസ്സെടുത്തു. കഴിഞ്ഞദിവസം വൈകീട്ടാണ് പെരുവന്താനം ഭാഗത്തുനിന്ന് കാര്‍ ഓടിച്ചെത്തിയ എഎസ്‌ഐ മുണ്ടക്കയം ടൗണില്‍ മൂന്ന് വാഹനങ്ങളില്‍ തന്റെ കാര്‍ ഇടിപ്പിച്ചത്. മുണ്ടക്കയം സ്വദേശിയുടെ കാറില്‍ ഇടിച്ചശേഷം നിര്‍ത്താതെ അമിത വേഗതിയില്‍ പായുന്നതിനിടെ മറ്റൊരു കാറിലും തട്ടി.
അല്‍പ്പംകൂടി മുന്നോട്ടുപോയശേഷം പിക്കപ്പ് വാനിലേക്കും ഇടിച്ചു കയറുകയായിരുന്നു. ടയര്‍ പഞ്ചറായതോടെ വാഹനം നിര്‍ത്തുകയല്ലാതെ രക്ഷയില്ലെന്ന് മനസ്സിലായ എഎസ്‌ഐ വാഹനം നടുറോഡില്‍ നിര്‍ത്തി ഓടി രക്ഷപ്പെടുകയായിരുന്നു. ഇടിയേറ്റ കാറിന്റെ ഡ്രൈവറാണ് എഎസ്‌ഐ റോയിയെ പിടികൂടിയത്. മദ്യലഹരിയിലായിരുന്ന റോയിയെ പിടികൂടി കാറിന് അടുത്ത് എത്തിക്കാന്‍ നാട്ടുകാര്‍ ഏറെ പണിപ്പെട്ടു.
കാറില്‍നിന്ന് മദ്യകുപ്പികളും കണ്ടെടുത്തു. പോലിസുകാരനാണെന്ന് അറിഞ്ഞ് ഹൈവേ പോലിസ് ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. അതേസമയം, മുണ്ടക്കയം പോലിസ് കേസ്സെടുത്തെങ്കിലും എഎസ്‌ഐ റോയി ജാമ്യം എടുത്തിട്ടില്ല. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ഉന്നത തലത്തില്‍ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്. മുണ്ടക്കയം നഗരത്തില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുന്നതിനു കാരണമായ എഎസ്‌ഐയുടെ മദ്യലഹരിയിലുള്ള അഴിഞ്ഞാട്ടവും വാഹനങ്ങള്‍ ഇടിച്ചു നശിപ്പിച്ചതുമെല്ലാം പോലിസ് ലാഘവത്തോടെയാണു കാണുന്നതെന്ന പരാതി ശക്തമായി.
ആള്‍ക്കൂട്ടത്തിലേക്കു മാറിനിന്ന എഎസ്‌ഐ പിന്നീട് ഇവിടെ നിന്ന് തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് രക്ഷപ്പെടാനുള്ള അവസരം ഹൈവേ പോലിസ് ഒരുക്കി നല്‍കിയതാണെന്ന ആക്ഷേപവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്. അപകടമുണ്ടാക്കി മുണ്ടക്കയം ടൗണ്‍ നിശ്ചലമാക്കി ഒരു മണിക്കൂറോളം തങ്കമണി എഎസ്‌ഐ റോയി സ്ഥലത്തുണ്ടായിരുന്നിട്ടും പിടികൂടാതെ രക്ഷപ്പെട്ടത് പോലിസുകാരുടെ സഹായത്താലണെന്നും ആക്ഷേപമുണ്ട്.

RELATED STORIES

Share it
Top