തകഴി കേളമംഗലം -കൊല്ലംപറമ്പ് തോട്ടിലെ പോള നീക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലഹരിപ്പാട്: തകഴി കേളമംഗലം- കൊല്ലം പറമ്പ് തോട്ടിലെ പോള നീക്കം ചെയ്യാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ശ്രമദാനമായി പോള നീക്കം ചെയ്യാന്‍ ആരംഭിച്ചു. കുടിവെള്ളം കിട്ടാക്കനിയായി കിടക്കുന്ന പ്രദേശത്തെ ഏക ആശ്വാസം ഈ തോട്ടിലൂടെ ഒഴുകിയെത്തുന്ന വെള്ളമാണ്. മാസങ്ങളായി പോള തിങ്ങിനിറഞ്ഞ് നീരൊഴുക്ക് നിലച്ചു കിടന്നതിനാല്‍ വെള്ളം ദുഷിച്ചുനാറി പ്രാഥമികാവശ്യത്തിനു പോലും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇതോടെ ജനങ്ങള്‍ പഞ്ചായത്തിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ തൊഴിലുറപ്പില്‍പെടുത്തി പോലും പോള നീക്കം ചെയ്യാന്‍ കഴിയില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കിയ മറുപടി. ഇതേ തുടര്‍ന്നാണ് ജനങ്ങളുടെ നേതൃത്വത്തി ല്‍ പോള നീക്കം ചെയ്യാന്‍ പദ്ധതിയിട്ടത്. ഇരുപതില്‍ പരം ആളുകള്‍ രാവിലെ മുതല്‍ വൈകീട്ട് വരെ പോള നീക്കം ചെയ്യുകയാണ്. കരീച്ചിറ വാര്‍ഡ് കരി പാലം മുതല്‍ കൊല്ലം പറമ്പ് പാലം വരെ ഏകദേശം രണ്ടു കിലോമീറ്റര്‍ നീളത്തിലാണ് പോള നീക്കം ചെയ്യുന്നത്. കഴിഞ്ഞ നാലു ദിവസമായി പോള നീക്കം ചെയ്യുന്ന പ്രവൃത്തി നടക്കുന്നുണ്ട്. ഇതുമൂലം ഒരാഴ്ച നെല്ലെടുപ്പ് മുടങ്ങുകയും ചെയ്തിരുന്നു. വെള്ളം ദുഷിക്കുകയും ഓരുവെള്ളം എത്തുകയും ചെയ്ത അവസരത്തില്‍ തോട്ടിലെ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവവുമുണ്ടായി. ലാലപ്പന്‍ ലാല്‍ഭവനം, ശ്യാമളന്‍ പത്തില്‍ചിറ, അജി കറുകയില്‍, രതി, ഓമന പുത്തന്‍ പറമ്പില്‍, അംബിളി, ഗീത, ശ്രീകല കമലവിലാസം, പഞ്ചമി മനുഭവനം, ശിവന്‍കുട്ടി, പ്രിയ അഞ്ചില്‍, ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ നന്ദു പതിമൂന്നില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോള നീക്കം ചെയ്യല്‍ പുരോഗമിക്കുന്നത്.

RELATED STORIES

Share it
Top