തകഴി-കരുമാടി ജലശുദ്ധീകരണശാലയുടെ പൈപ്പ് വീണ്ടും പൊട്ടി; പമ്പിങ് നിര്‍ത്തിവച്ചു

എടത്വ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി തകഴി കരുമാടി ജലശുദ്ധീകരണശാലയിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പ് വീണ്ടും പൊട്ടി പമ്പിങ് നിര്‍ത്തിവെച്ചു. കഴിഞ്ഞദിവസം രാവിലെ 10 മണിയോടെ കേളമംഗലം പാലത്തിനു പടിഞ്ഞാറു ഭാഗത്തായാണ് പൈപ്പു പൊട്ടിയത്. ഫെബ്രുവരി 22 ന് പൊട്ടിയ ഭാഗത്തിനു തൊട്ടു പടിഞ്ഞാറു ഭാഗത്താണ് സംഭവം.
സംഭവം നടന്നയുടനെ പമ്പിങ്‌നിര്‍ത്തിവപ്പിച്ചതിനാല്‍ കൂടുതല്‍ റോഡ് ഇടിഞ്ഞിട്ടില്ല. പമ്പിങ് നിറുത്തിവച്ചെങ്കിലും ഇന്നലെ സംഭരണിയില്‍ വെള്ളം സ്‌റ്റോക്കുണ്ടായിരുന്നതിനാല്‍ കുടിവെളള വിതരണം മുടങ്ങിയിട്ടില്ല. 12മണിയോടെ തന്നെ മണ്ണുമാന്തിയന്ത്രം എത്തിച്ച് പൊട്ടിയ ഭാഗത്തെ റോഡ് നീക്കം ചെയ്ത് പൊട്ടല്‍ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചെങ്കിലും അഞ്ചുമണിയോടെയാണ് പൊട്ടല്‍ കണ്ടെത്താനായത്.
ചെറിയ പൊട്ടല്‍ ആയതിനാല്‍ പൈപ്പിനു ചുറ്റും ഇരുമ്പ്ക്ലാമ്പ് ഇട്ട് ലീക്ക് തടയാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. ഇതിനു ശേഷം പരീക്ഷണം നടത്തി കൂടുതല്‍ ലീക്കുണ്ടായാല്‍ പൈപ്പു മാറ്റി പുതിയത് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നാണ് അസി.എക്‌സിക്യൂട്ടൂവ് എന്‍ജിനീയര്‍ എഎല്‍ ഗിരീഷ് അറിയിച്ചത്.  ഈ ഭാഗത്ത് തന്നെ മൂന്നാം തവണയാണ് പൈപ്പ്‌പൊട്ടുന്നത്. 22 ന് പൊട്ടിയ പൈപ്പ് അഞ്ചു ദിവസത്തിനു ശേഷമാണ് നീക്കം ചെയ്യാനായതും കുടിവെള്ളവിതരണം നടത്താനായതും. അന്ന് മണിക്കൂറോളം എടത്വ-അമ്പലപ്പുഴ റോഡില്‍ ഗതാഗതതടസ്സം നേരിടുകയും സമീപത്തെ ഗുരുക്ഷേത്രത്തിനും സ്ഥാപങ്ങള്‍ക്കും കേടുപാടു സംഭവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പലതവണ പൈപ്പു പൊട്ടിയിട്ടും കാരണം കണ്ടെത്താന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

RELATED STORIES

Share it
Top