തകര്‍പ്പന്‍ സെഞ്ച്വറിയുമായി മാര്‍ക്രം; ഓസീസിനെതിരേ ദക്ഷിണാഫ്രിക്ക മികച്ച നിലയില്‍ജോഹന്നസ്ബര്‍ഗ്: വിവാദങ്ങള്‍ക്കൊടുവില്‍ തുടര്‍ന്ന നാലാമത്തെയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ത്രേലിയക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 313 റണ്‍സെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ എയ്ഡന്‍ മാര്‍ക്രമിന്റെയും(152) അര്‍ധ സെഞ്ച്വറി നേടിയ ഡിവില്ലിയേഴ്‌സിന്റെയും(69) പിന്‍ബലത്തിലാണ് ദക്ഷിണാഫ്രിക്ക ആദ്യ ദിനം തങ്ങളുടേതാക്കിയത്. 25 റണ്‍സെടുത്ത ടെംബ ബാവുമയും ഏഴ് റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കുമാണ് ക്രീസില്‍. കാലിന് പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം ചാഡ് സായേഴ്‌സ് ടീമില്‍ ഇറങ്ങി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 53ല്‍ നില്‍ക്കേ  നഥാന്‍ ലിയോണ്‍ 19 റണ്‍സെടുത്ത എല്‍ഗറെ മടക്കി ആസ്‌ത്രേലിയക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. പിന്നീട് ഇറങ്ങിയ എയ്ഡന്‍ മാര്‍ക്രമും അംലയും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡില്‍ 142 ചേര്‍ന്നപ്പോള്‍ 27 റണ്‍സെടുത്ത അംലയെ കുമ്മിന്‍സ് പുറത്താക്കി.  സ്‌കോര്‍ 247ലെത്തിയപ്പോള്‍ സെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഭാരമേറ്റെടുത്ത മാര്‍ക്രമിനെ തന്റെ രണ്ടാം വിക്കറ്റിലൂടെ കുമ്മിന്‍സ് മടക്കി. ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസ്(0) വന്നപാടെ മടങ്ങിയപ്പോള്‍ ശേഷം കളത്തിലിറങ്ങിയ ടെംബ ബാവുമ ഡിവില്ലിയേഴ്‌സിന് മികച്ച പിന്തുണ നല്‍കി. എന്നാല്‍ 299ല്‍ അര്‍ദ്ധ സെഞ്ച്വറിയുമായി നില്‍ക്കുന്ന ഡിവില്ലിയേഴ്‌സിനെ(69) മടക്കി സായേഴ്‌സ് തന്റെ അരങ്ങേറ്റ വിക്കറ്റ് സ്വന്തമാക്കി. അതേ ഓവറില്‍ തന്നെ കഗിസോ റബാദയെയും മടക്കി സായേഴ്‌സ് വിക്കറ്റ് നേട്ടം രണ്ടാക്കി ഉയര്‍ത്തി. നാല് മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ നിലവില്‍ ദക്ഷിണാഫ്രിക്ക 2-1 ന് മുന്നിലാണ്.

RELATED STORIES

Share it
Top