തകര്‍ന്ന കാവുംപടി-കാരപ്പറമ്പ് റോഡിന് ശാപമോക്ഷമായില്ല

പള്ളിക്കല്‍: പൂര്‍ണമായും തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായ പള്ളിക്കല്‍ കാവും പടികാരപ്പറമ്പ് റോഡിന് ഇനിയും ശാപ മോക്ഷമായില്ല.   റോഡ് തകര്‍ന്നത് കാരണം പള്ളിക്കല്‍ ബസാറിലെ മിക്ക ഓട്ടോ റിക്ഷകളും ഓട്ടം പോവാന്‍ തയ്യാറാവുന്നില്ല.  ഇത് യാത്രക്കാരുമായി വാക്കേറ്റത്തിനിടയാക്കുന്നു. കുറിയേടം മുതല്‍ കാരപ്പറമ്പ് വരെയുള്ള പുളിക്കല്‍, പള്ളുിക്കല്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന രണ്ട് കിലോമീറ്ററോളം വരുന്ന ഭാഗം റീടാറിങ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ഇനി പ്രവര്‍ത്തി നടത്താനുള്ള കാവും പടി മുതല്‍ കാരപ്പറമ്പ് ഭാഗത്തേക്കുള്ള ഒരു കിലോമീറ്ററില്‍ ഇരുന്നൂറ് മീറ്ററോളം വരുന്ന ഭാഗമാണ് പൂര്‍ണമായും തകര്‍ന്ന നിലയിലുള്ളത്. റോഡ് പുനരുദ്ധാരണ പ്രവര്‍ത്തി നടത്തണമെന്ന ജനങ്ങളുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്ന് നേരത്തെ ജില്ലാ പഞ്ചായത്തില്‍ നിന്നും പത്ത് ലക്ഷം അനുവദിച്ചെങ്കിലും ഫണ്ട് ഓട്ടുപാറ ഭാഗത്തേക്ക് മാറ്റുകയായിരുന്നു.
പ്രതിഷേധം ശക്തമായതോടെ പഞ്ചായത്തില്‍ നിന്നും ഏഴ് ലക്ഷം അനുവദിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടികളുണ്ടായിട്ടില്ല.  കൂടുതല്‍ തകര്‍ന്ന ഭാഗം കോണ്‍ക്രീറ്റും മറ്റു ഭാഗങ്ങളില്‍ റീടാറിങ്ങും ചെയ്യാനാണ് തീരുമാനം എന്നാണ് വിവരം. കാലവര്‍ഷം തുടങ്ങി മഴ ശക്തമായതോടെ എങ്ങിനെ പ്രവര്‍ത്തി നടത്തുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
നേരത്തെ റോഡില്‍ ശക്തമായ വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് റോഡില്‍ കല്ലുകളും മണ്ണും ഇട്ട് ഉയര്‍ത്തിയാതാണ് ഇപ്പോള്‍ വാഹന യാത്ര ദുരിതമായത്.  കാല്‍നടയാത്ര പോലും റോഡില്‍ ദുര്‍ഘടമാണ്.

RELATED STORIES

Share it
Top