തകരുന്ന ചിദംബരം കോട്ട

ജെ   ഗോപീകൃഷ്ണന്‍
മകന്‍ കാര്‍ത്തി ചിദംബരത്തെ അപ്രതീക്ഷിത നീക്കത്തിലൂടെ സിബിഐ അറസ്റ്റ് ചെയ്തതോടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ പിതാവ് പി ചിദംബരം പടുത്തുയര്‍ത്തിയ കോട്ടകള്‍ പാടെ തകരുകയാണ്. നിരവധി ആഴ്ചകളോളം ചിദംബരവും ഭാര്യ നളിനിയും കസ്റ്റഡിയില്‍ കഴിയുന്ന മകനെ കൊണ്ടുവരുന്ന സുപ്രിംകോടതി, ഹൈക്കോടതി മുതല്‍ വിചാരണക്കോടതി വരെ ഓടി ഓടി തളരുകയായിരുന്നു. ഇത് കാണുന്ന നാട്ടുകാര്‍ കര്‍മവിധി എന്നു പറഞ്ഞ് നോക്കിനില്‍ക്കുകയാണ്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എല്ലാ കൊടുക്കല്‍ വാങ്ങലുകളും അവസാനം നിശ്ചയിക്കുന്നത് പ്രമുഖ പാര്‍ട്ടികളിലെ നേതാക്കന്‍മാരായ അഭിഭാഷകരാണ്. രാജ്യത്തെ എല്ലാ പണക്കാരും കോര്‍പറേറ്റ് തലവന്‍മാരും കാര്യങ്ങള്‍ സാധിക്കുന്നത് ഈ ശക്തമായ രാഷ്ട്രീയ വക്കീല്‍ ലോബിയിലൂടെയാണ്. ഇവരെ പിണക്കാതിരിക്കാന്‍ വന്‍തുക അമ്പലങ്ങളിലെ ഭണ്ഡാരപ്പെട്ടിയില്‍ വഴിപാട് നല്‍കുന്നതുപോലെ എല്ലാവരും നല്‍കും.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒറ്റയാനായ സുബ്രഹ്മണ്യന്‍ സ്വാമിയാണ് ചിദംബരത്തെ എയര്‍സെല്‍-മാക്‌സിസ് വിവാദത്തില്‍ കുടുക്കിയത്. വിദേശ മൂലധനം അനുവദിക്കുന്നതില്‍ എല്ലാ നിയമങ്ങളും കാറ്റില്‍പറത്തിയ ഒരു കേസായിരുന്നു ഇത്. ഈ കേസ് സ്വാമി കോടതിയില്‍ വാദിക്കുമ്പോള്‍, അന്ന് ആഭ്യന്തരവും പിന്നീട് ധനകാര്യവും ചിദംബരം കൈയാളിയതിനാല്‍, ന്യായാധിപന്‍മാര്‍ കോടതിയുടെ മച്ചിലേക്ക് നോക്കിയിരിക്കും.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് ചിദംബരത്തിന്റെ പങ്ക് ചാര്‍ജ് ഷീറ്റില്‍ പരാമര്‍ശിക്കപ്പെട്ടത്. നരേന്ദ്രമോദി അധികാരത്തില്‍ വന്നതോടെ സ്ഥിതിഗതികള്‍ മാറി എന്നു വിചാരിച്ച ന്യായാധിപന്‍മാരും സിബിഐ-ഇഡി-ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരും യഥാര്‍ഥത്തില്‍ വിഡ്ഢികളായി. ചിദംബരത്തെ സമണ്‍ ചെയ്ത സിബിഐ ഇന്‍കംടാക്‌സ് ഡയറക്ടര്‍ അശോക് തിവാരി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഇരുന്നത് ഹിമാചല്‍ പ്രദേശിലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറുടെ കസേരയിലാണ്. ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജേശ്വര്‍ സിങിന് ജോലി വരെ പോവുന്ന അവസ്ഥയുണ്ടായി. വക്കീലന്‍മാരായ ചിദംബരവും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും തമ്മിലുള്ള ബന്ധം അറിയാത്തതിന്റെ കുഴപ്പമാണ് ഈ 'തലതെറിച്ച' ഉദ്യോഗസ്ഥരുടെ കാര്യം വഷളാക്കിയത്.
ഭാഗ്യത്തിന് സുബ്രഹ്മണ്യന്‍ സ്വാമി സുപ്രിംകോടതിയില്‍ പോയി രാജേശ്വര്‍ സിങിനെ തിരിച്ച് കസേരയിലിരുത്തി. ഡിസംബര്‍ 2015ല്‍ രാജേശ്വര്‍ സിങ് എയര്‍സെല്‍-മാക്‌സിസ് കേസില്‍ ചിദംബരത്തിന്റെ വീട്ടിലും കാര്‍ത്തിയുടെ കമ്പനികളിലും നടത്തിയ റെയ്ഡിലാണ് കാര്യങ്ങള്‍ പിടിച്ചാല്‍ കിട്ടാത്ത നിലയിലായത്. ഇപ്പോള്‍ കാര്‍ത്തി പിടിക്കപ്പെട്ട ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസ് പുറത്തുവന്നത് ഈ റെയ്ഡിലൂടെയാണ്. പതിനാലോളം രാജ്യങ്ങളിലായി ചിദംബരം കുടുംബത്തിനുള്ള സ്വത്തുവിവരങ്ങളും 21 വിദേശബാങ്ക് അക്കൗണ്ടുകളും ഈ അപ്രതീക്ഷിത റെയ്ഡില്‍ പുറത്തുവന്നു. ഇതിന്റെ ഫലമായി രാജേശ്വര്‍ സിങിനെ ചിദംബരത്തിന്റെ പിരിയാതോഴന്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെ നിയന്ത്രണത്തിലുള്ള ധനമന്ത്രാലയം വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഈ റെയ്ഡിലെ വിവരങ്ങള്‍ പുറത്തുവന്നത് മാസങ്ങള്‍ക്കു ശേഷം ഈ ലേഖകന്‍ പയനിയര്‍ പത്രത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ശേഷമാണ്.
കാര്യങ്ങള്‍ക്കു ചൂടുപിടിച്ചത് സിബിഐ ഡയറക്ടറായി 2017 ഫെബ്രുവരിയില്‍ അലോക് വര്‍മ എത്തിയതോടെയാണ്. ഐഎന്‍എക്‌സ് മീഡിയ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വളരെ ബുദ്ധിമുട്ടാണ്. ഈ കേസിന്റെ രത്‌നച്ചുരുക്കം ഇതാണ്: 2007ല്‍ പീറ്റര്‍ മുഖര്‍ജിയും ഭാര്യയായ ഇന്ദ്രാണി മുഖര്‍ജിയും നടത്തുന്ന ഐഎന്‍എക്‌സ് എന്ന ടിവി ചാനലിന് (ഇപ്പോഴത്തെ ന്യൂസ് എക്‌സ്) അഞ്ചു കോടി രൂപ വിദേശമൂലധനം സമാഹരിക്കാന്‍ അനുമതി ലഭിച്ചു. പക്ഷേ, അവര്‍ 300 കോടി രൂപ സമാഹരിക്കുകയും ഇന്‍കംടാക്‌സ് കൈയോടെ ഈ തീവെട്ടിക്കൊള്ള പിടിക്കുകയും ചെയ്തു. മിനിമം 150 കോടി പിഴ കെട്ടേണ്ടിവരുന്ന കുറ്റമായിരുന്നു ഇത്. ഇതില്‍ നിന്ന് രക്ഷപ്പെടാനായി ചിദംബരത്തിന്റെ മകന് ഇവര്‍ അഞ്ചു കോടി രൂപ കൈക്കൂലി കൊടുത്തു. കൊലപാതകക്കേസില്‍ ജയിലില്‍ കഴിയുന്ന ഭാര്യയും ഭര്‍ത്താവും കുറ്റസമ്മതവും നടത്തിക്കഴിഞ്ഞു. കൂടാതെ, കാര്‍ത്തി വാങ്ങിയ പണത്തിന്റെ ബാങ്ക് രേഖകളും ഇ ഡി റെയ്ഡില്‍ പിടിച്ചെടുത്തുകഴിഞ്ഞു. ചുരുക്കത്തില്‍, ഇനി വരുന്ന പത്തു വര്‍ഷം ചിദംബരം കുടുംബം വിവിധ കോടതികളുടെ തിണ്ണ നിരങ്ങേണ്ടിവരും. ഉടന്‍തന്നെ എയര്‍സെല്‍-മാക്‌സിസ് കേസും ചാര്‍ജ് ചെയ്യപ്പെടും. വിദേശരാജ്യങ്ങളിലെ അനധികൃത സ്വത്തുക്കളുടെ പേരില്‍ പുതിയ ബിനാമി നിയമപ്രകാരവും പുതിയ ബ്ലാക്ക്മണി നിയമപ്രകാരവും അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
ഇത്രത്തോളം ശക്തമായ തെളിവുകളില്‍ നിന്നു രക്ഷപ്പെട്ടുവരാന്‍ വളരെ ബുദ്ധിമുട്ടാണ്. ഡല്‍ഹിയില്‍ ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്, കോപാകുലനായ ചിദംബരം ചില നേതാക്കള്‍ക്കെതിരേ തന്റെ കൈയിലുള്ള തെളിവുകള്‍ പുറത്തുവിടുമെന്നാണ്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വെടിമുഴക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.      ി

(പയനിയര്‍ ഡല്‍ഹി
ലേഖകനാണ് ഗോപീകൃഷ്ണന്‍.)

RELATED STORIES

Share it
Top