ഡ്രൈവിങ് ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കും

ന്യൂഡല്‍ഹി: വ്യാജ ലൈസന്‍സുകള്‍ ഇല്ലാതാക്കുന്നതിന് ഡ്രൈവിങ് ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ നടന്നു വരികയാണെന്ന് റോഡ് സുരക്ഷ സംബന്ധിച്ച് മുന്‍ സുപ്രിംകോടതി ജഡ്ജി കെ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കമ്മറ്റി സുപ്രിംകോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ മദന്‍ ബി ലോകുര്‍, ദീപക് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിനെയാണ് കമ്മറ്റി ഇക്കാര്യം അറിയിച്ചത്.
ഡ്രൈവിങ് ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സോഫ്റ്റ്‌വേര്‍ തയ്യാറായിവരുന്നതായും കമ്മറ്റി സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറഞ്ഞു.
ആധാര്‍ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് സമിതി റിപോര്‍ട്ട് സമര്‍പ്പിച്ചത്.
വ്യാജ ലൈസന്‍സുകള്‍ തടയുന്നതു സംബന്ധിച്ച കാര്യം റോഡ് ഗതാഗത മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുമായി കഴിഞ്ഞ വര്‍ഷം നവംബര്‍ 28ന് ചര്‍ച്ചചെയ്തതായും കമ്മറ്റി റിപോര്‍ട്ടില്‍ പറഞ്ഞു.

RELATED STORIES

Share it
Top