ഡ്രൈവിങ് ലേണിങ് ടെസ്റ്റിന് ഉദ്യോഗസ്ഥരില്ല; അപേക്ഷകര്‍ പ്രതിഷേധിച്ചു

തളിപ്പറമ്പ്: ഉദ്യോഗസ്ഥരില്‍ ചിലര്‍ ജില്ലാ കലക്ടറുടെ അദാലത്തിലും ചിലര്‍ അവധിയിലുമായതിനാല്‍ ഡ്രൈവിങ് ലേണിങ് ടെസ്റ്റിനെത്തിയ 150ഓളം പേരെ മണിക്കൂറുകളോളം വരിയില്‍ നിര്‍ത്തിയ ശേഷം തിരിച്ചയച്ചു. രോഷാകുലരായ അപേക്ഷകര്‍ കലക്ടറെ നേരില്‍ക്കണ്ട് പരാതിപ്പെതോടെ ജോയിന്റ് ആര്‍ടിഒ  പ്രശ്‌നം പരിഹരിച്ചു. തളിപ്പറമ്പ് മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജോയിന്റ് ആര്‍ടി ഓഫിസില്‍ ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം. നിരവധി അപേക്ഷകര്‍ രാവിലെ അഞ്ചോടെ തന്നെ എത്തിയിരുന്നു. സ്ത്രീകളായിരുന്നു ഇവരിലേറെയും.
രാവിലെ 10 ആയിട്ടും ലേണിങ് ടെസ്റ്റ് നടത്തിയില്ല. ഒടുവില്‍ അന്വേഷിച്ചപ്പോഴാണ് ഇന്ന് ടെസ്റ്റില്ലെന്ന് ജീവനക്കാര്‍ അറിയിച്ചത്. ടെസ്റ്റ് നടത്തേണ്ട ഉദ്യോഗസ്ഥന്‍ അവധിയാണെന്നും താലൂക്ക് ഓഫിസില്‍ കലക്ടറുടെ അദാലത്തില്‍ ജോയിന്റ് ആര്‍ടിഒ പങ്കെടുക്കുന്നതിനാല്‍ ടെസ്റ്റ് നടത്താന്‍ പറ്റില്ലെന്നും എല്ലാവരും നാളെ വന്നാല്‍ മതിയെന്നും ജീവനക്കാര്‍ പറഞ്ഞു.ഇതോടെ രാവിലെ മുതല്‍ ഭക്ഷണം പോലും കഴിക്കാതെ ക്യൂവില്‍ നിന്ന അപേക്ഷകര്‍ രോഷാകുലരായി. ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാര്‍ ഇടപെട്ട് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അപേക്ഷകര്‍ രാവിലെ 11ന് അദാലത്തിനെത്തിയ ജില്ലാ കലക്ടറെ കണ്ട് പരാതിപ്പെട്ടു.

RELATED STORIES

Share it
Top