ഡ്രൈവിങ് ടെസ്റ്റ് സ്ഥലത്തെച്ചൊല്ലി തര്‍ക്കം

പൊന്നാനി: പൊന്നാനിയില്‍ ഡ്രൈവിങ് ടെസ്റ്റ് സ്ഥലത്തെച്ചൊല്ലി തര്‍ക്കം; ഡ്രൈവിങ് ടെസ്റ്റിന് സ്ഥിരം സംവിധാനമില്ലാതെ മോട്ടോര്‍ വാഹന വകുപ്പ് കുഴങ്ങുന്നു. പുതിയ ലൈസന്‍സ് അനുവദിക്കുന്നതിന് വേണ്ടി ടെസ്റ്റ് നടത്തിയിരുന്ന പൊന്നാനി ഈശ്വരമംഗലം മിനി സ്റ്റേഡിയത്തെ ചൊല്ലിയാണ് മോട്ടോര്‍ വാഹന വകുപ്പും സ്റ്റേഡിയത്തില്‍ കളിക്കാനെത്തുന്നവരും തമ്മില്‍ തര്‍ക്കം പതിവായിരിക്കുന്നത്. കാലങ്ങളായി പൊന്നാനി ജോയിന്റ് ആര്‍ടി ഓഫിസിനു കീഴില്‍ ഈശ്വരമംഗലത്തെ പൊതുസറ്റേഡിയത്തിലാണ് ഡ്രൈവിങ് ടെസ്റ്റ് നടന്നിരുന്നത്. ആഴ്ചയില്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്ന ടെസ്റ്റ് ഇവിടെ കളിക്കാനെത്തുന്നവര്‍ക്ക് പ്രയാസമാണെന്ന് പരാതി ഉയര്‍ന്നിരുന്നു.
രാവിലെ 8 മണി മുതല്‍ 11 മണി വരെ മാത്രം ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് മാത്രമായി നടക്കുന്ന ഡ്രൈവിങ് ടെസ്റ്റ് കളിക്കാനെത്തുന്നവര്‍ക്ക് പ്രയാസമില്ലാതെയാണ് നടത്തുന്നതെന്ന് ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ പറയുന്നു. കൂടാതെ മറ്റൊരു സൗകര്യപ്രദമായ സ്ഥലം ലഭിക്കാത്തതിനാലാണ് ടെസ്റ്റ് ഇവിടെ നടത്തുന്നതെന്നാണ് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഡ്രൈവിങ് ടെസ്റ്റിനെത്തുടര്‍ന്ന് സ്റ്റേഡിയം ചളിക്കുളമായെന്ന് ആരോപിച്ച് സ്‌റ്റേഡിയത്തില്‍ കളിക്കാനെത്തിയവര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച വാക്കുതര്‍ക്കമുണ്ടാവുകയും ടെസ്റ്റ് കാഞ്ഞിരമുക്ക് ക്ഷേത്ര ഗ്രൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. ടെസ്റ്റിനെത്തുന്നവര്‍ക്ക് സൗകര്യപ്രദമായ സ്ഥലമെന്നതിനാലാണ് ഈശ്വരമംഗലം മിനി സ്—റ്റേഡിയം തിരഞ്ഞെടുത്തത്. പൊന്നാനിയിലെ വിശാലമായ എംഇഎസ് കോളജ് ഗ്രൗണ്ടുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഡ്രൈവിങ് ടെസ്റ്റ് മാറ്റണമെന്ന ആവശ്യവും ശക്തമാണ്.

RELATED STORIES

Share it
Top