ഡ്രൈവിങിനിടെ ഫോണ്‍ നന്നാക്കിയ ബസ് ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം: ഡ്രൈവിങിനിടെ മൊബൈല്‍ഫോണ്‍ റിപ്പയര്‍ ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. കുമളി ഡിപ്പോയിലെ ഡ്രൈവര്‍ ജയചന്ദ്രനാണ് സസ്‌പെന്‍ഷനിലായത്. മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെ യ്തുകൊണ്ട് ബസ്സോടിക്കുന്നതിന്റെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും മുഖ്യമന്ത്രിക്ക് പരാതി ലഭിക്കുകയും ചെയ്തതോടെയാണ് ഡ്രൈവര്‍ക്കെതിരേ അച്ചടക്കനടപടിയുണ്ടായത്.
ഈ ബസ്സില്‍ മുന്‍സീറ്റിലിരുന്ന് യാത്രചെയ്തിരുന്ന സ്ത്രീയാണ് ഡ്രൈവറുടെ അപകടകരമായ ഈ ഡ്രൈവിങ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. പിന്നീട് ഇവര്‍ തന്റെ ബന്ധുവും മഹാത്മാഗാന്ധി നാഷനല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ എ ബി ജെ ജോസിന് കൈമാറി. ഇദ്ദേഹം മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ വീഡിയോ സഹിതം പരാതി നല്‍കിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി എംഡിയോട് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശിക്കുകയായിരുന്നു.
കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയശേഷം എംഡിക്ക് റിപോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തി ല്‍ എംഡിയുടെ നിര്‍ദേശമനുസരിച്ച് കുമളി കെഎസ്ആര്‍ടിസി അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ എറണാകുളം സോണല്‍ ഓഫിസറോട് എംഡി വിശദമായ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
സസ്‌പെന്‍ഷനിലായ ഡ്രൈവര്‍ ഇടുക്കി നായരുപാറ മുക്കാലി സ്വദേശിയാണ്. ഇക്കഴിഞ്ഞ ബുധനാഴ്ച കോട്ടയത്തുനിന്ന് കുമളിയിലേക്കു പോയ കെഎസ്ആര്‍ടിസി ബസ്സിലായിരുന്നു സംഭവം. ബസ് ഓടിക്കുന്നതിനിടെ സ്റ്റിയറിങില്‍ നിന്ന് ഇരുകൈയും വിട്ട് മൊബൈല്‍ ഫോണ്‍ നന്നാക്കുന്നതിന്റെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ അപ്്‌ലോഡ് ചെയ്തത്. മിനിറ്റുകള്‍ക്കകം വീഡിയോ വൈറലായി.വിഷയം സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാവുകയും ചെയ്തു.
മൊബൈലിന്റെ ബാറ്ററിയും മറ്റും അഴിച്ചുപരിശോധിക്കുന്നതാണ് ദൃശ്യങ്ങളില്‍. നല്ല വേഗത്തില്‍ നീങ്ങുന്ന ബസ്സിന്റെ എതിരേ വാഹനങ്ങള്‍ വരുമ്പോഴും മൊബൈലില്‍ വിരലോടിക്കുകയും അശ്രദ്ധമായി ബസ്സോടിക്കുകയും ചെയ്യുന്ന ഡ്രൈവറുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
എന്നാല്‍, ഡ്രൈവിങിനിടെ പോക്കറ്റില്‍ നിന്നു താഴെ വീണ മൊബൈല്‍ ഫോണ്‍ എടുത്തുവയ്ക്കുക മാത്രമാണു ചെയ്തതെന്ന് ഡ്രൈവര്‍ ജയചന്ദ്രന്‍ അധികൃതര്‍ക്ക്  മൊഴിനല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top