ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ച് മോഷണം; ഒരാള്‍ അറസ്റ്റില്‍

കൊയിലാണ്ടി: ടാങ്കര്‍ ലോറി ഡ്രൈവറേയും രക്ഷിക്കാനെത്തിയവരേയും കുത്തിമുറിവേല്‍പ്പിച്ച് കടന്നു കളഞ്ഞ കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍. നടുവണ്ണൂര്‍ കാവില്‍ തോലേറ്റില്‍ അര്‍ഷാദ്(33)നെയാണ് കൊയിലാണ്ടി എസ്‌ഐ നിപുന്‍ ശങ്കറും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ദേശീയപാതയില്‍ ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിനു സമീപം നിര്‍ത്തിയിട്ട ലോറിയിലെ ഡ്രൈവര്‍ മുസ്തഫയുടെ 3000 രൂപയും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യുന്നതിനിടെയാണ് മോഷ്ടാവ് മുസ്തഫയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശബ്ദം കേട്ട് രക്ഷിക്കാനെത്തിയ ബീര്‍പാര്‍ലറിലെ അസി. മാനേജര്‍ സതീഷ്‌കുമാര്‍, മാനേജര്‍ വിമല്‍, സെക്യൂരിറ്റി ജീവനക്കാരന്‍ മുരളീധരന്‍ എന്നിവരേയും കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. പരിക്കേറ്റ് ഇവര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സതേടിയിരുന്നു. സംഭവത്തിനു ശേഷം മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. അറസ്റ്റിലായ അര്‍ഷാദ് മയക്കുമരുന്നു കേസിലുള്‍പ്പെടെ നഗരത്തിലെ നിരവധികേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. പയ്യോളി, കൊയിലാണ്ടി ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍മാര്‍ വിശ്രമിക്കുമ്പോഴാണ് ഇവര്‍ മോഷണം നടത്തുന്നതെന്ന് എസ്‌ഐ പറഞ്ഞു. കേസിലെ ഒന്നാം പ്രതി മുനീറിനെ ഇനിയും പിടികൂടാനായിട്ടില്ല. അയാള്‍ക്ക് വേണ്ടി പോലിസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. എസ്‌ഐയുടെ സംഘത്തില്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ പി ഗിരീഷ്, പ്രദീപ്, മനോജ്കുമാര്‍, രാമകൃഷ്ണന്‍, എന്നിവരാണുണ്ടായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top