ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സ്: മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചു

തിരുവനന്തപുരം: ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടു പരിഗണിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പരിഷ്‌കരിച്ച നിര്‍ദേശങ്ങ ള്‍ പുറപ്പെടുവിച്ചു. ലൈസന്‍സ് ഹോള്‍ഡര്‍ നേരിട്ട് ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ വെള്ള പേപ്പറില്‍ സ്വന്തമായി തയ്യാറാക്കിയ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മതിയാവും. ഇതിനായി മുദ്രപ്പത്രം, നോട്ടറി സാക്ഷ്യപ്പെടുത്തല്‍ എന്നിവ വേണ്ടതില്ല. എന്നാല്‍, അപേക്ഷകന്റെ അസാന്നിധ്യത്തില്‍ അദ്ദേഹം അധികാരപ്പെടുത്തിയ വ്യക്തിയാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ നൂറ് രൂപയുടെ മുദ്രപത്രത്തില്‍ നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമര്‍പ്പിക്കണം.
ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സ് അപേക്ഷയോടൊപ്പം പോലിസ് റിപോര്‍ട്ട്, പത്രപ്പരസ്യം തുടങ്ങിയവ ആവശ്യമില്ല. നിലവിലുള്ള ലൈസന്‍സ് ഭാഗികമായി നശിച്ചതുമൂലം ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് എടുക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ നിലവിലെ ഭാഗികമായി നശിച്ച ലൈസന്‍സ് ഹാജരാക്കിയാല്‍ മതിയാവും. ഇതിന് സത്യവാങ്മൂലം ആവശ്യമില്ല.
ഒരു ഓഫിസില്‍നിന്നു നല്‍കിയ ഡ്രൈവിങ് ലൈസന്‍സ് മറ്റൊരു ഓഫിസില്‍ പുതുക്കാനോ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനോ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഒറിജിനല്‍ ലൈസന്‍സിങ് അതോറിറ്റിയില്‍ നിന്ന് ഡ്രൈവിങ് ലൈസന്‍സിന്റെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ പാടില്ല. ഇതു കൂടാതെ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സിനുള്ള അപേക്ഷ ഫാസ്റ്റ് ട്രാക്ക് കൗണ്ട ര്‍ വഴി തീര്‍പ്പ് കല്‍പിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശിച്ചു.

RELATED STORIES

Share it
Top