ഡോ. ഹാദിയ കേസ് : മാര്‍ച്ചിനെതിരായ പോലിസ് അതിക്രമം പ്രതിഷേധാര്‍ഹം - പോപുലര്‍ ഫ്രണ്ട്‌കോഴിക്കോട്: ഹാദിയ കേസുമായി ബന്ധപ്പെട്ട് മുസ്‌ലിം ഏകോപനസമിതി ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലിസ് നടത്തിയ അതിക്രമം പ്രതിഷേധാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍സത്താര്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം ജനാധിപത്യപരമാണ്. നീതി വിധിക്കേണ്ട കോടതികള്‍ പക്ഷപാതപരമാവുന്നത് ജനാധിപത്യത്തെയാണ് ദുര്‍ബലപ്പെടുത്തുക. വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കാത്തതും ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കാത്തതുമായ വിധിയാണ് ഹാദിയ കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ചത്. ഇതിനെതിരേ പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തെയാണ് ബലം പ്രയോഗിച്ച് പോലിസ് അടിച്ചൊതുക്കാന്‍ നോക്കിയത്. അസഹിഷ്ണുതയോടെ മാര്‍ച്ചിനെ സമീപിക്കുകയും ക്രൂരമായി നേരിടുകയുമാണ് പോലിസ് ചെയ്തത്. വിശുദ്ധ റമദാന്‍ മാസത്തില്‍ വ്രതമെടുത്ത വിശ്വാസികളോടാണ് പോലിസ് അതിക്രമം കാണിച്ചിട്ടുള്ളത്. ആഭ്യന്തരവകുപ്പ് ഇത് ഗൗരവത്തിലെടുക്കണം. പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശങ്ങളെ അടിച്ചമര്‍ത്താനാണ് പോലിസിന്റെ ശ്രമമെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അബ്ദുല്‍സത്തര്‍ മുന്നറിയിപ്പ് നല്‍കി. മുസ്‌ലിം ഏകോപനസമിതി നടത്തുന്ന ജനാധിപത്യപരമായ തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് പോപുലര്‍ ഫ്രണ്ട് പിന്തുണ അറിയിക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

RELATED STORIES

Share it
Top