ഡോ. ഹാദിയയെ പീഡിപ്പിക്കുന്നെന്ന് ; എന്‍സിഎച്ച്ആര്‍ഒ സംഘത്തെ പോലിസ് തടഞ്ഞുകൊച്ചി: വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയെ കാണാന്‍ വൈക്കത്തെ വീട്ടിലെത്തിയ എ ന്‍സിഎച്ച്ആര്‍ഒ സംഘത്തെ പോലിസ് തടഞ്ഞു. ഹാദിയയുടെ വീട്ടില്‍ കാവല്‍ നില്‍ക്കുന്ന പോലിസ് സംഘമാണ് സംഘത്തെ തടഞ്ഞത്. തുടര്‍ന്ന് സംഘം വൈക്കം ഡിവൈഎസ്പിയെ കണ്ട് ഹാദിയയെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയെങ്കിലും കോടതി അനുമതിയുണ്ടെങ്കില്‍ മാത്രമേ കാണാന്‍ അനുവദിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടര്‍ന്ന് സംഘം മടങ്ങി. എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, സെക്രട്ടറി എ എം ഷാനവാസ്, എം കെ ഷറഫുദ്ദീന്‍, അഡ്വ. ഷുക്കൂര്‍, കെ പി ഒ റഹ്മത്തുല്ല എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവില്‍ നിന്നു വേര്‍പെടുത്തി ഹാദിയയെ തീവ്രവാദിയെപ്പോലെ സ്വന്തം വീട്ടില്‍ തടവിലാക്കി പീഡിപ്പിക്കുന്നത് നീതിക്കു നിരക്കാത്തതും ജനാധിപത്യവിരുദ്ധവും കടുത്ത മനുഷ്യാവകാശലംഘനവുമാണെന്ന് എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇതിനു കോടതിയും പോലിസും കുടുംബാംഗങ്ങളും കൂട്ടുനില്‍ക്കുന്നത് മഹാ അപരാധമാണ്. ഒരു വിവാഹത്തിന്റെ പേരില്‍ കഴിഞ്ഞ ഒരു മാസമായി ഹാദിയ ശാരീരികവും മാനസികവുമായ ഒറ്റപ്പെടല്‍ നേരിടുകയാണ്. പുറംലോകവുമായി യാതൊരു ബന്ധമില്ല. അവരെ സന്ദര്‍ശിക്കാന്‍ എത്തുന്ന സുഹൃത്തുക്കളെയും പൊതുപ്രവ ര്‍ത്തകരെയും അതിന് അനുവദിക്കാതെ പോലിസ് തടയുന്നു. ഇതു ദുരൂഹമാണ്. കോടതി ശിക്ഷിച്ച് ജയിലില്‍ കഴിയുന്നവരെയും വിചാരണത്തടവുകാരെയും ആര്‍ക്കും കാണാനുള്ള അനുവാദം ഉണ്ടായിരിക്കെ ഡോ. ഹാദിയക്കു മാത്രം ഇത് നിഷേധിക്കുന്നത് ജുഡീഷ്യല്‍ ഫാഷിസമാണ്. ഈ നടപടിക്കെതിരേ എല്ലാ പുരോഗമന ജനാധിപത്യ ശക്തികളും മനുഷ്യാവകാശ പ്രവര്‍ത്തകരും മനുഷ്യസ്‌നേഹികളും ക്രിയാത്മകമായി ഇടപെടണം. മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ഹാദിയയെ നേരിട്ട് സന്ദര്‍ശിച്ച് നടപടി എടുക്കണമെന്നും വിളയോടി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top