ഡോ. വിശ്വാസ് മേത്ത ആസൂത്രണ സാമ്പത്തികകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ഡല്‍ഹി കേരളാ ഹൗസ് റസിഡന്റ് കമ്മീഷണര്‍ ഡോ. വിശ്വാസ് മേത്തയെ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം. പ്ലാനിങ് ബോര്‍ഡ് മെംബര്‍ സെക്രട്ടറിയുടെ അധികചുമതല കൂടി അദ്ദേഹത്തിന് നല്‍കും.
തദ്ദേശ സ്വയംഭരണ സെക്രട്ടറി ഡോ. ബി അശോകിനെ പാര്‍ലമെന്ററികാര്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. പത്തനംതിട്ട ജില്ലാ കലക്ടര്‍ ആര്‍ ഗിരിജയെ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷനല്‍ സെക്രട്ടറിയായി നിയമിച്ചു. ജിഎസ്ടി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ഡി ബാലമുരളിയെ പത്തനംതിട്ട ജില്ലാ കലക്ടറായി നിയമിച്ചു. കേരളവാട്ടര്‍ അതോറിറ്റി എംഡി ഷൈനാമോളെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അഡീഷനല്‍ കമ്മീഷണറായി നിയമിച്ചു. ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ കണ്ണൂര്‍ കാടാച്ചിറ സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഇരുന്ന ബെഞ്ചില്‍ നിന്ന് മറിഞ്ഞുവീണ് മരണമടഞ്ഞ കാപ്പാട് മണലില്‍ ഹൗസ് വല്‍സരാജിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് മൂന്ന് ലക്ഷം രൂപയോ ചികില്‍സാ ചെലവോ ഏതാണ് കൂടുതല്‍ അത് അനുവദിക്കും.  വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ അഡീഷനല്‍ ലീഗല്‍ അഡൈ്വസറുടെ നിയമനം പിഎസ്‌സി മുഖേന നടത്താനും തീരുമാനിച്ചു.
കണ്ണൂര്‍ എടക്കാട് വില്ലേജില്‍ ഇഎസ്‌ഐ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള 5.64 ഏക്കര്‍ ഭൂമി 5.47 കോടി രൂപ ഒടുക്കി മുന്‍കൂര്‍ കൈവശപ്പെടുത്തുന്നതിന് കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിക്ക് കൈമാറുന്നതിന് അനുമതി നല്‍കും.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റിന്റെ 2 തസ്തികകള്‍ സൃഷ്ടിക്കും. ഹൈക്കോടതിയുടെ മുമ്പില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നിയമിച്ച ജസ്റ്റിസ്(റിട്ട) പി എ മുഹമ്മദ് കമ്മീഷന്റെ കാലാവധി ആറുമാസത്തേക്കുകൂടി നീട്ടിനല്‍കാനും തീരുമാനിച്ചു. കാര്‍ഷികോല്‍പന്നങ്ങളുടെ കയറ്റുമതി പ്രോല്‍സാഹനത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ കരട് നയത്തിലെ റബര്‍ ക്ലസ്റ്ററില്‍ കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകളെയും വാഴപ്പഴം ക്ലസ്റ്ററില്‍ തൃശൂര്‍, വയനാട്, തിരുവനന്തപുരം ജില്ലകളെയും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. മാങ്ങയുടെ ക്ലസ്റ്ററില്‍ വയനാടിനെയും മഞ്ഞള്‍ ക്ലസ്റ്ററില്‍ വയനാട,് ആലപ്പുഴ ജില്ലകളെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടും.
ഒരു ക്ലസ്റ്ററിലും ഉള്‍പ്പെടാത്തതും കേരളത്തിലും അന്താരാഷ്ട്ര വിപണിയിലും പ്രാധാന്യമുള്ളതുമായ കശുമാവ്, കുരുമുളക്, നാളികേരം, തേയില എന്നീ ഉല്‍പന്നങ്ങള്‍ക്ക് കൂടി ക്ലസ്റ്ററുകള്‍ രൂപീകരിക്കണം. കശുമാവിന് കാസര്‍കോട് ജില്ലയെയും കുരുമുളകിന് വയനാട് ജില്ലയെയും നാളികേരത്തിന് കോഴിക്കോട് ജില്ലയെയും തേയിലയ്ക്ക് ഇടുക്കി ജില്ലയെയും ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തണം. കേന്ദ്രസര്‍ക്കാരിന്റെ കരട് കാര്‍ഷിക കയറ്റുമതി നയത്തില്‍ അമ്പത് ജില്ലാ ക്ലസ്റ്ററുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. 22 ഉല്‍പന്നങ്ങളാണ് ഇതില്‍ വരുന്നത്. എന്നാല്‍, പൈനാപ്പിള്‍, ഇഞ്ചി എന്നിവയില്‍ മാത്രമാണ് കേരളത്തില്‍ ക്ലസ്റ്ററുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top