ഡോ. താരീഖ് റമദാന് ജയിലില്‍ പീഡനമെന്ന് മകള്‍ മറിയം റമദാന്‍

ദോഹ: പാരിസില്‍ വിചാരണത്തടവുകാരനായ തന്റെ പിതാവ് ഡോ. താരീഖ് റമദാനെ ജയിലധികൃതര്‍ അനാവശ്യമായി പീഡിപ്പിക്കുകയാണെന്ന് പുത്രി മറിയം റമദാന്‍. പാരിസിലെ —ഫ്രെത്ത് ജയിലില്‍ കഴിയുന്ന പിതാവിനെ മാതാവിനോടൊപ്പം കണ്ടശേഷം ഫ്രഞ്ച് വാരികയായ ലാതാവിനോട് സംസാരിക്കുകയായിരുന്നു മറിയം.
മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ ബാധിച്ച തന്റെ പിതാവ് ജയിലിലേക്കു നടന്നുപോയെങ്കില്‍ ഇപ്പോള്‍ ക്രച്ചസ് ഉപയോഗിച്ചാണ് സഞ്ചരിക്കുന്നത്. ഓരോ ദിനവും അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കുകയാണ്. കഠിനമായ തലവേദനമൂലം കാര്യമായ എഴുത്തോ വായനയോ നടക്കുന്നില്ല- ഇപ്പോള്‍ ദോഹയില്‍ കഴിയുന്ന മറിയം പറഞ്ഞു.
തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു എന്നു പറഞ്ഞ് രണ്ടു സ്ത്രീകള്‍ ഫ്രഞ്ച് പോലിസില്‍ പരാതി കൊടുത്തതിനെ തുടര്‍ന്നാണ് ഡോ. റമദാനെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടത്. ഇതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മറിയം ആരോപിച്ചു. പരാതിക്കാരിലൊരാളായ അയാരി, റമദാന്‍ തന്നെ ബലാല്‍സംഗം ചെയ്തശേഷം അദ്ദേഹവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചു എന്നവകാശപ്പെട്ടെങ്കിലും 200ലധികം പ്രാവശ്യം അദ്ദേഹത്തിന് മെസേജ് അയച്ചിരുന്നു. മറ്റൊരു പരാതിക്കാരിയായ ക്രിസ്‌തെല്‍ 2009ല്‍ തന്നെ റമദാനെ താന്‍ കുടുക്കാന്‍ നോക്കുകയാണെന്നു പറഞ്ഞ കാര്യവും പുറത്തുവന്നു.
31 വര്‍ഷമായി പിതാവിനോടൊപ്പം കഴിയുന്ന തനിക്ക് അദ്ദേഹത്തിന് ഇങ്ങനെയൊരു സ്വഭാവമില്ലായിരുന്നു എന്ന് ഉറപ്പിച്ചുപറയാന്‍ പറ്റും- മറിയം തുടരുന്നു. അദ്ദേഹത്തിന് വൈകാതെ നിരപരാധിത്വം തെളിയിച്ചു പുറത്തുവരാന്‍ പറ്റുമെന്ന് ഉറപ്പുണ്ടെന്നും അവര്‍ പറഞ്ഞു.  ഇതുവരെയും പരാതിക്കാര്‍ക്ക് തന്റെ പിതാവിനെതിരേ ഒരു തെളിവും ഹാജരാക്കാന്‍പറ്റിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. മുസ്്‌ലിം ബ്രദര്‍ഹുഡ് സ്ഥാപകനായ ഹസനുല്‍ ബന്നയുടെ പൗത്രനായ താരീഖ് റമദാന്‍ അറിയപ്പെടുന്ന പ്രഭാഷകനും ഗ്രന്ഥകാരനുമാണ്.

RELATED STORIES

Share it
Top