ഡോ. കഫീല്‍ ഖാന്റെ സഹോദരനെയും കസ്റ്റഡിയിലെടുത്തു

ഗോരഖ്പൂര്‍: ഡോ. കഫീല്‍ ഖാന്റെ അറസ്റ്റിനു പിന്നാലെ മൂത്തസഹോദരന്‍ അദീല്‍ അഹ്മദ് ഖാനെ യുപി പോലിസ് കസ്റ്റഡിയിലെടുത്തു. ഗോരഖ്പൂരിലെ ഡോക്ടറുടെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് സഹോദരനെ കസ്റ്റഡിയിലെടുത്തത്. ബിജെപി നേതാവ് കമലേഷ് പാസ്വാന്റെ വധശ്രമത്തെ അതിജീവിച്ച ഇളയ സഹോദരന്‍ കാഷിഫ് മന്‍സൂറിനു വേണ്ടിയും പോലിസ് തിരച്ചില്‍ നടത്തി. അതേസമയം, ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് കഫീല്‍ഖാനെ മോചിപ്പിച്ചതായി എഎസ്പി അജയ് പ്രതാപ് അറിയിച്ചു.
യൂനിഫോമിലും അല്ലാതെയുമായി വീട്ടിലെത്തിയ 10ഓളം പോലിസുകാരാണ് അദീല്‍ അഹ്മദിനെ കസ്റ്റഡിയിലെടുത്തത്. സിആര്‍പിസി 151 ആണ് ഡോക്ടര്‍ കഫീലിന്റെ പേരില്‍ ചുമത്തിയത്. “”ഹൈക്കോടതി കഫീലിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നിട്ടും എന്തിനാണ് ഡോക്ടറെ അവര്‍ കസ്റ്റഡിയില്‍ വച്ചിരിക്കുന്നത്? ഇപ്പോള്‍ അദീല്‍ ഖാനെയും കസ്റ്റഡിയിലെടുത്തിരിക്കുന്നു. കാഷിഫ് വീട്ടിലുണ്ടായിരുന്നില്ല, പക്ഷേ, അവര്‍ കാഷിഫിന് വേണ്ടിയും തിരച്ചില്‍ നടത്തി. അവര്‍ ആ വീട് മുഴുവന്‍ അലങ്കോലപ്പെടുത്തി. ഇപ്പോള്‍ അവിടെ സ്ത്രീകള്‍ മാത്രമാണുള്ളത്. ഇനി അടുത്തത് എന്താണു സംഭവിക്കുക എന്നറിയില്ല- ഡോ. കഫീലിന്റെ സഹോദരീഭര്‍ത്താവ് സമര്‍ ഖാന്‍ പറഞ്ഞു
ആരും ഞങ്ങളെ സഹായിക്കുന്നില്ല. അഖിലേഷും ഇല്ല രാഹുലും ഇല്ല. ഒരു നേതാവും ഇല്ല. കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുന്നത് ഇത്ര വലിയ തെറ്റായിരുന്നോ? അതിന്റെ പേരില്‍ ഞങ്ങളെല്ലാം ഇന്ന് ഇതനുഭവിക്കുന്നു- ഡോ. കഫീല്‍ ഖാന്റെ സഹോദരി സീനത്ത് ഖാന്‍ ചോദിക്കുന്നു.
കഫീല്‍ ഖാനെ യുപി പോലിസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ബഹറായിച്ചില്‍ ശിശുമരണം നടന്ന ആശുപത്രി സന്ദര്‍ശിച്ച് മാധ്യമങ്ങളെ കാണുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബഹറായിച്ച് ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ 45 ദിവസത്തിനിടെ 71 ശിശുക്കളാണു ചികില്‍സ കിട്ടാതെ മരിച്ചത്.

RELATED STORIES

Share it
Top