ഡോഗ് സ്‌ക്വാഡിനായി നിര്‍മിച്ച കെട്ടിടം കാടുകയറി നശിക്കുന്നു

പയ്യന്നൂര്‍: ഡോഗ് സ്‌ക്വാഡിനായി പയ്യന്നൂര്‍ പോലിസ് സ്‌റ്റേഷനു സമീപം നിര്‍മിച്ച കെട്ടിടം കാടുകയറി നശിക്കുന്നു. അഞ്ചുമാസം മുമ്പാണ് പോലിസ് നായകള്‍ക്കുള്ള പരിശീലന കേന്ദ്രമായി പോലിസ് മൈതാനിയില്‍ പ്രത്യേകം കെട്ടിടം പണിതത്. തൃശൂര്‍ കഴിഞ്ഞാല്‍ പിന്നെ മലബാര്‍ മേഖലയില്‍ ഇത്തരം കേന്ദ്രങ്ങള്‍ വിരളമാണ്. ഈ അഭാവം പരിഹരിക്കാനാണു ആഭ്യന്തരവകുപ്പ് പയ്യന്നൂരില്‍ കെട്ടിടം ഒരുക്കിയത്. കേരള പോലിസ് അക്കാദമിയില്‍ പരിശീലനം നേടിയ സ്റ്റിഫര്‍ വിഭാഗത്തില്‍പ്പെട്ട നായ്ക്കളെ എത്തിക്കാന്‍ തീരുമാനമുണ്ടായിരുന്നു. ബോംബുകള്‍ കണ്ടെത്തുന്നതിലും കളവുകേസുകളുടെ തെളിവുകള്‍ കണ്ടെത്തുന്നതിനും പരിശീലനം ലഭിച്ച ഇനങ്ങളാണിവ. സ്‌ക്വാഡില്‍ പോലിസ് ഉദ്യോഗസ്ഥരും ഉണ്ടാവും. കെട്ടിടം സജ്ജീകരിക്കുന്നതിന്റെ ഭാഗമായി നേരത്തെ പോലിസ് മൈതാനിയില്‍ കെട്ടിക്കിടന്നിരുന്ന പഴയ തൊണ്ടിവാഹനങ്ങള്‍ നീക്കംചെയ്തിരുന്നു. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി അഞ്ചുമാസം കഴിഞ്ഞിട്ടും തുറന്നുപ്രവര്‍ത്തിക്കാന്‍ നടപടിയില്ല. ഇതോടെ കെട്ടിടവും പരിസരവും കാടുകയറിയിരിക്കുകയാണ്. വരാന്തകള്‍ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിക്കഴിഞ്ഞു.

RELATED STORIES

Share it
Top