ഡോക്ടറെ തട്ടിക്കൊണ്ടുപോയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന്‌കോഴിക്കോട്: ചികില്‍സാപിഴവുമായി ബന്ധപ്പെട്ട് വടകര ആശാ ആശുപത്രിയില്‍ നിന്ന് ഡോക്ടറെ തട്ടിക്കൊണ്ടുപോയെന്നുള്ള ഐഎംഎയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് ആക്്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍. കഴിഞ്ഞമാസം 23ന് മടപ്പള്ളി കിഴക്കേ മണക്കുനി ബാലകൃഷ്ണന്റെ മകള്‍ ഭവ്യയെ തലവേദനയെ തുടര്‍ന്നാണ് ആശാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡ്യൂട്ടി ഡോക്ടര്‍ ഒരു ഇഞ്ചക്ഷന്‍ നല്‍കി. എന്നാല്‍ തലവേദന മാറാത്തതിനാല്‍ മറ്റൊരു ഇഞ്ചക്ഷന്‍ കൂടി നല്‍കാന്‍ നഴ്‌സിനോട് ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ ഇഞ്ചക്ഷന്‍ നല്‍കിയതോടെ കുട്ടിയുടെ ഒരു വശം തളര്‍ന്നു. ഇതു കണ്ട് ബന്ധുക്കള്‍ പരിഭ്രാന്തരായി ഡോക്ടറെ സമീപിച്ചപ്പോള്‍ പെട്ടെന്ന് മാറുമെന്നാണ് പറഞ്ഞത്. എന്നാല്‍, ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാതിരുന്നതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ രക്ഷിതാക്കള്‍ തീരുമാനിക്കുകായായിരുന്നു. ആശാ ആശുപത്രിയിലെ ചികില്‍സാ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തരാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് ഡോക്ടറോട് മെഡിക്കല്‍ കോളജിലേക്ക് കൂടെവരണമെന്ന് ആവശ്യപ്പെട്ടു. നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം കൂടെ വരികയായിരു ന്നു. ഈ സമയം ആശുപത്രിയില്‍ ഒരു എസ്‌ഐയും ആറ് പോലിസുകാരുമുണ്ടായിരുന്നു. പോലിസാണ് ഡോക്ടര്‍ കയറിയ ആംബുലന്‍സിന്റെ വാതിലടച്ചത്. എന്നാല്‍ അവിടെ നിന്ന് 250 മീറ്റര്‍ പിന്നിട്ടപ്പോള്‍ ആംബുലന്‍സില്‍ നിന്ന് ഡോക്ടറെ പോലിസ് ഇറക്കി കൊണ്ടുപോയി. ആശാ ആശുപത്രിയില്‍ നിന്നുണ്ടായ ചികില്‍സാ പിഴവ് മറച്ചു വയ്ക്കാനും ഡോക്ടറുടെ പേരില്‍ കേസെടുക്കാതിരിക്കാനും ഐഎംഎയും ആശുപത്രി അധികൃതരും ചേര്‍ന്ന് നടത്തിയ കള്ളകഥയാണ് ഡോക്ടറെ തട്ടികൊണ്ടുപോയതായുള്ള ആരോപണം. ഐഎംഎയുടെ സ്വാധീനത്തിന് വഴങ്ങി കുട്ടിയെ മെഡിക്കല്‍ കോളജില്‍ നിന്ന് അഡ്മിറ്റ് ചെയ്യാതെ മടക്കി. കുട്ടിക്ക് തുടര്‍ചികില്‍സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ചികില്‍സ തേടിയെങ്കിലും ചികില്‍സ തടസ്സപ്പെടുത്തുന്ന രീതിയിലാണ് ഐഎംഎയുടെ ഇടപെടല്‍. എംആര്‍ഐ സ്‌കാന്‍ ചെയ്യണമെന്ന് പരിയാരത്ത് ഡോക്ടര്‍ പറഞ്ഞെങ്കിലും പിറ്റേന്ന് സ്‌കാനിങ് വേണ്ടെന്ന് ഡോക്ടര്‍ തന്നെയാണ് അറിയിച്ചത്.  വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ കെ കലാജിത്ത്, യു എം സുരേന്ദ്രന്‍, സി കെ പത്മനാഭന്‍, മടപ്പള്ളി ശ്രീധരന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top