ഡോക്ടറെ കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍വടകര: ആശാ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മടപ്പള്ളി സ്വദേശികളായ പറമ്പത്ത് സുരേഷ്(43), തെരുവന്‍പറമ്പ് ഗോപാലകൃഷ്ണന്‍(56) എന്നിവരെയാണ് വടകര പോലിസ് അറസ്റ്റ് ചെയ്തത്. ഐപിസി 143, 147,341,323, 452,506, റെഡ് വിത്ത് 149 ആന്റ് സെക്ഷന്‍ 3(4), കേരള ഹെല്‍ത്ത് സര്‍വ്വീസ് പ്രൊട്ടക്ഷന്‍ ആന്റ് ഹെല്‍ത്ത് കെയര്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റിയൂഷന്‍ 2012 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മജിസ്‌ട്രേറ്റ് ജലജാറാണി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞ 23നായിരുന്നു ആശ ആശുപത്രിയില്‍ മടപ്പള്ളി സ്വദേശിനിയായ ഭവ്യയെ തലവേദനയെ തുടര്‍ന്ന് ചികില്‍സയ്ക്കായി ഈ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഡോക്ടര്‍ പരിശോധിച്ചതിന് ശേഷം വേദന മാറാനുള്ള ഇഞ്ചക്ഷനും നല്‍കി. തുടര്‍ന്ന് കുറച്ച് സമയം കഴിഞ്ഞതിന് ശേഷം കുട്ടിക്ക് ശാരീരിക പ്രശ്‌നമുണ്ടാവുകയും ഒരു ഭാഗം തളരുകയുമായിരുന്നു. ഇത് സംഭവിച്ചത് ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഇഞ്ചക്ഷന്‍ വച്ചതിനെ തുടര്‍ന്നാണെന്നും പറഞ്ഞ് കുട്ടിയുടെ ബന്ധുക്കള്‍ രോഷാകുലരായി ഡോക്ടറെ കൈയേറ്റം ചെയ്‌തെന്നാണ് ആശുപത്രി അധികൃതര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ അവധിയായതിനാല്‍ ഇന്ന് പരിഗണിക്കും.

RELATED STORIES

Share it
Top