ഡോക്ടറെത്താന്‍ വൈകിയതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍

കാട്ടാക്കട: വെള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍  ഡ്യൂട്ടി ഡോക്ടറെത്താന്‍ വൈകിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. ഇന്നലെ രാവിലെയാണ് പ്രതിഷേധത്തിനിടയാക്കിയ സംഭവം നടന്നത്. രാവിലെ ഒപിയില്‍ പതിവ് പോലെ തിരക്കായിരുന്നു. പതിനൊന്നു മണിയോടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ പോകാന്‍ ഇറങ്ങിയതോടെയാണ് പ്രതിഷേധമുണ്ടായത്.
രാത്രി ഡ്യൂട്ടി ഉണ്ടായിരുന്ന ഡോക്ടര്‍ കൂടുതല്‍ സമയം രോഗികളെ പരിശോധിക്കാന്‍ ഇരിക്കുകയായിരുന്നുവെന്നും ക്ഷീണം തോന്നിയതിനാല്‍ ചികിത്സ മതിയാക്കുകയായിരുന്നുവെന്നാണ് വിശദീകരണം.  ഇതോടെയാണ് പ്രതിഷേധം ശക്തമായത്. രാവിലെ ഒമ്പതിന് ഒപിയില്‍ ഡ്യൂട്ടിക്ക് എന്തേണ്ട ഡോക്ടര്‍ പതിനൊന്നു മണിയായിട്ടും എത്താത്തതിനാല്‍ സ്ഥലത്ത് എത്തിയ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ വെള്ളനാട് ശ്രീകണ്ഠന്‍ രാവിലെയെത്തേണ്ട ഡ്യൂട്ടി ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ട് വിളിച്ചു വരുത്തുകയായിരുന്നു.
നിലവില്‍ ജീവനക്കാരുടെ കുറവുമൂലം ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാ ന്‍ പറ്റാത്ത അവസ്ഥയുണ്ട്. അഞ്ചു ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ രണ്ടു പേര്‍ അവധിയിലാണ്. ദിനംപ്രതി അഞ്ഞൂറോളം രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയില്‍ മറ്റു ജീവനക്കാരുടെ എണ്ണവും പരിമിതമാണ്.

RELATED STORIES

Share it
Top