ഡോക്ടര്‍ എന്ന വ്യാജേന ആംബുലന്‍സില്‍ കയറിയത് മെക്കാനിക്: രോഗി മരിച്ചു

കൊല്‍ക്കത്ത: രോഗിയായ 16കാരന്റെ കൂടെ ഡോക്ടര്‍ എന്ന വ്യാജേന ആംബുലന്‍സില്‍ കയറിയത് എസി മെക്കാനിക്. ആംബുലന്‍സില്‍ വച്ച് അടിയന്തര വൈദ്യസഹായം ലഭിക്കാത്തതിനെത്തുടര്‍ന്ന് രോഗി മരിച്ചു. എസി മെക്കാനിക്കിന് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാതെ പോയതാണ് 16കാരനായ അര്‍ജിത് ദാസിന്റെ മരണത്തിനു കാരണമായത്. അര്‍ജിത് ദാസിനെ ബുര്‍ദ്വാനിലെ അന്നപൂര്‍ണ നഴ്‌സിങ് ഹോമില്‍ നിന്നു മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോവുമ്പോഴാണ് ഡോക്ടറെന്ന വ്യാജേന എസി മെക്കാനിക്കായ സര്‍ഫറാസ് ആംബുലന്‍സില്‍ കയറിയത്. യാത്രയ്ക്കിടെ അര്‍ജിത് ദാസിന്റെ ആരോഗ്യനില വഷളായി.എന്നാല്‍, സര്‍ഫറാസിന് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അറിവുണ്ടായിരുന്നില്ല. തുടര്‍ന്ന്, ആശുപത്രിയിലെത്തുമ്പോഴേക്കും അര്‍ജിത് മരിക്കുകയായിരുന്നു. അര്‍ജിതിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ പിതാവ് രഞ്ജിത് ദാസില്‍ നിന്നു സര്‍ഫറാസ് 8000 രൂപ വാങ്ങിയിരുന്നു. ആംബുലന്‍സിനും ഡോക്ടറുടെ സേവനത്തിനുമായി രഞ്ജിത് ദാസില്‍ നിന്ന് 16,000 രൂപ അധികൃതരും വാങ്ങിയിരുന്നു. വിദഗ്ധ ഡോക്ടറായതിനാല്‍ ആംബുലന്‍സില്‍ ആരെയും കയറ്റില്ലെന്നു പറഞ്ഞ് രോഗിയുടെ മാതാപിതാക്കളെ ആംബുലന്‍സില്‍ കയറ്റിയതുമില്ല. പിന്നീട് മകന്‍ മരിച്ചതിനു ശേഷമാണ് സര്‍ഫറാസ് തന്നെയാണ് മകനോടൊപ്പം ഉണ്ടായിരുന്നതെന്ന് പിതാവ് തിരിച്ചറിഞ്ഞത്. രഞ്ജിത് ദാസിന്റെ പരാതിയെത്തുടര്‍ന്ന് സര്‍ഫറാസിനെ പോലിസ് അറസ്റ്റ് ചെയ്തു.

RELATED STORIES

Share it
Top