ഡോക്ടര്‍മാര്‍ക്ക് സുരക്ഷയൊരുക്കാന്‍ രോഗികളെ വലയ്ക്കുന്നു

എസ് മാത്യു പുന്നപ്ര
അമ്പലപ്പുഴ: രോഗികളുടെ ബന്ധുക്കളില്‍ നിന്നും ഡോക്ടര്‍മാര്‍ക്ക് നേരെ കൈയ്യേറ്റമാരോപിച്ചു മെഡിക്കല്‍ കോളജാശുപത്രിയില്‍ സുരക്ഷ ശക്തമാക്കിയതോടെ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ ദുരിതം ഇരട്ടിയായി. എയ്ഡ് പോസ്റ്റിലെ പോലിസുകാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയാണ് സുരക്ഷ സംവിധാനം ശക്തമാക്കിയിരിക്കുന്നത്.
സുരക്ഷയുടെ പേരില്‍ അത്യാഹിതവിഭാഗത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ആംബുലന്‍സുകളെയും പുറത്താക്കി. ഇതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണമായും അധികൃതരുടെ താല്‍പര്യത്തിനു മാത്രം പ്രവര്‍ത്തിക്കുന്ന അവസ്ഥയിലായി. ജീവനക്കാരുടെ സംരക്ഷണത്തിന് സെക്യൂരിറ്റി സംവിധാനം ശക്തമാക്കിയതോടെ രോഗികളുടെ ആവലാതികള്‍ പറയുന്നവരെ പോലും കേസില്‍പെടുത്തി അകത്താക്കുന്ന അവസ്ഥയാണുള്ളത്. ദേശീയ പാതയോരത്തുള്ള ഏക മെഡിക്കല്‍ കോളജ് ആശുപത്രിയായ വണ്ടാനത്ത് നൂറുകണക്കിന് പേരാണ് ദിനംപ്രതി ചികില്‍സ തേടി എത്തുന്നത്. രാപ്പകല്‍ ഭേദമന്യേ റോഡ് അപകടങ്ങളില്‍ പെടുന്നവരെയും ഇവിടെ എത്തിക്കാറുണ്ട്.
പ്രധാന ഡോക്ടര്‍മാര്‍ രാത്രി സമയങ്ങളില്‍ കാണാത്തതിനാല്‍ ഭൂരിഭാഗം രോഗികളെയും എറണാകുളത്തേക്കുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞു വിടുന്ന സ്ഥിതിയാണുള്ളത്. എന്നാല്‍ പണമില്ലാത്ത നിര്‍ധന രോഗികളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ഇവര്‍ ജീവനക്കാരുടെ ദാര്‍ഷ്ട്യം സഹിച്ചും ഇവിടെ തന്നെ ചികില്‍സ തേടേണ്ടിവരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു വരുന്നവരെപ്പോലും പരിശോധിക്കാന്‍ ഹൗസ് സര്‍ജന്മാര്‍ മാത്രമാണ് ഉണ്ടാവാറുള്ളത്. ആശുപത്രിക്കുള്ളില്‍ ആധുനിക സംവിധാനങ്ങള്‍ എല്ലാം തന്നെ ഉണ്ടെങ്കിലും വിദഗ്ദ പരിശോധനക്കു ഡോക്ടര്‍മാര്‍ ഇല്ലാത്തത് മൂലം രോഗി മരിക്കുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് പലപ്പോഴും രോഗികളുടെ ബന്ധുക്കളുടെ നിയന്ത്രണം തെറ്റുകയും സംഘര്‍ഷാവസ്ഥ രൂപപ്പെടുകയും ചെയ്യുന്നത്. പ്രസവശേഷം യുവതിയുടെ മുറിവില്‍ വെച്ച തുണി മാറ്റാതിരുന്നത് മൂലം രോഗി മരിക്കാന്‍ ഇടയായ സംഭവം ആഴ്ചകള്‍ക്കു മുന്‍പ് വിവാദമായിരുന്നു.
നഴ്‌സുമാരും സെക്യൂരിറ്റി ജീവനക്കാരും അടക്കമുള്ള ചിലരുടെ ധിക്കാരപരമായ പെരുമാറ്റവും രോഗികളുടെ കൂട്ടിരിപ്പുകാരെ പ്രകോപിതരാക്കാറുണ്ട്. കഴിഞ്ഞ ദിവസം റിട്ട. എഎസ്‌ഐയും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ വാര്‍ഡിനു മുന്നില്‍ കൂട്ടത്തല്ല് നടന്നിരുന്നു. പോലിസുകാരന്റെ ബന്ധുവിനെ കാണാന്‍ ശ്രമിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഇല്ലാത്തതാണ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ പ്രധാനമായും ബാധിക്കുന്നത്. നൂറോളം നഴ്‌സുമാരുടെ കുറവാണ് ഇപ്പോള്‍ ഇവിടെയുള്ളത്.

RELATED STORIES

Share it
Top