ഡോക്ടര്‍മാരുടെ സമരം; രണ്ടാം ദിവസവും രോഗികള്‍ക്ക് ദുരിതം

മണ്ണാര്‍ക്കാട്: സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്‌ക്കരിച്ച് ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന്റെ രണ്ടാം ദിവസവും ജില്ലയിലെ വിവിധ പ്രാഥമി, സാമുഹിക, കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലെത്തിയവര്‍ ദുരിതത്തിലായി. അതേ സമയം, സമരത്തിന് ആധാരമായ കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ ഒപി പ്രവര്‍ത്തിച്ചു.
മന്ത്രിയുടെ പ്രക്യേക നിര്‍ദേശ പ്രകാരം താലൂക്ക് ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരെ വിന്യസിച്ചാണ് ഒപി സേവനം ലഭ്യമാക്കിയത്. എന്നാല്‍, താലൂക്ക് ആശുപത്രിയിലെ ഒപി പ്രവര്‍ത്തനത്തെ ഇതുബാധിച്ചു. ഡോക്ടര്‍മാരില്ലെന്ന പ്രചരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധനയ്‌ക്കെത്തിയവരുടെ എണ്ണം ഇന്നലെ കുറവായിരുന്നു. രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണുണ്ടായിരിക്കുന്നത്.
ഉച്ചയ്ക്കു ശേഷമുള്ള ഒപി പ്രവര്‍ത്തിപ്പിക്കണമെന്ന ഉത്തരവ് പാലിക്കാത്തിതനെ തുടര്‍ന്ന് കുമരംപുത്തൂര്‍ ആശുപത്രിയിലെ അസി.സര്‍ജന്‍ ഡോ.ജസ്‌നിയെ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്‌ക്കരിച്ച് സമരം ആരംഭിച്ചത്. കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മൂന്ന് ഡോക്ടര്‍മാരും ഇന്നലെയും ജോലിക്ക് എത്തിയില്ല.
കുമരംപുത്തൂരിലെ ഒപി മുടങ്ങരുതെന്ന് മന്ത്രി ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം. ഇന്നലെ ഉച്ചവരെ ഒരു ഡോക്ടറും ഉച്ചയ്ക്കു ശേഷം മറ്റൊരു ഡോക്ടറുമണ് ഒപിയിലെത്തിയവരെ പരിശോധിച്ചത്. സാധാരണക്കാര്‍ക്ക് ചികിത്സ ലഭ്യമാക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി പറഞ്ഞു. ആവശ്യമെങ്കില്‍ താല്‍ക്കാലിക ഡോക്ടറെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിപിഎം ഡോ. രചന ഇന്നലെ കുമരംപുത്തൂര്‍ ആശുപത്രി സന്ദര്‍ശിച്ചു. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഇന്നലെയും ഒപി മുടങ്ങി.
അത്യാഹിത വിഭാഗംപ്രവര്‍ത്തിച്ചു. ഇന്നലെ അഞ്ച് ശസ്ത്രക്രിയകള്‍ നടത്തി. ഡോക്ടര്‍മാരുടെ സമരം മൂലം ചികിത്സ തേടിയെത്തിയ നൂറുക്കണക്കിനു രോഗികള്‍ വലഞ്ഞു. പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചു. ഒപി ബഹിഷ്‌ക്കരിച്ചുള്ള സമരം സധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് കേരള െ്രെപവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആരോപിച്ചു.

RELATED STORIES

Share it
Top