ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണ സമരം മൂന്നാംദിവസത്തിലേക്ക്. ഡ്യൂട്ടിക്ക് കയറാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും വിട്ടുവീഴ്ചയില്ലാതെ സമരം തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. അതേസമയം, ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍നിന്നു പിന്‍മാറില്ലെന്ന ഡോക്ടര്‍മാരുടെ തീരുമാനത്തില്‍ രോഗികള്‍ വലയുകയാണ്.
സമരം ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. ജനറല്‍ ആശുപത്രികളിലടക്കം വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതെ വന്നതോടെ മിക്ക രോഗികളും മെഡിക്കല്‍ കോളജുകളെയാണ് ഇന്നലെ ആശ്രയിച്ചത്. ഇത് ആശുപത്രികളിലെ തിരക്കും വര്‍ധിപ്പിച്ചു. പണിമുടക്കിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും മിക്കയിടങ്ങളിലും ഒപികളുടെ പ്രവര്‍ത്തനം സ്തംഭിച്ച അവസ്ഥയിലാണ്.  പിജി ഡോക്ടര്‍മാരും എന്‍ആര്‍എച്ച്എം ഡോക്ടര്‍മാരും ഒപികളില്‍ എത്തിയിരുന്നു. ശനിയാഴ്ച മുതലാണു മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി സമയം കൂട്ടിയതും കൂടുതല്‍ ജീവനക്കാരെ നിയമിക്കാത്തതിലും പ്രതിഷേധിച്ചാണു സമരം. പ്രതിഷേധം നേരിടാന്‍ കര്‍ശന നടപടിക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ജോലിക്ക് എത്താത്ത ദിവസത്തെ ശമ്പളം പിടിച്ചുവയ്ക്കുകയും പ്രൊബേഷനിലുള്ളവര്‍ക്ക് നോട്ടീസ് നല്‍കി പിരിച്ചുവിടുമെന്നുമാണ് മുന്നറിയിപ്പ്.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരുമെന്ന നിലപാടിലാണ് കെജിഎംഒഎ. ഈ മാസം 18 മുതല്‍ കിടത്തിചികില്‍സ നിര്‍ത്തുമെന്നും സംഘടനാനേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ചര്‍ച്ച നടത്തി ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാവണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനത്ത് 4,300 ഡോക്ടര്‍മാര്‍ ഇന്നലെ പണിമുടക്കിയെന്ന് കെജിഎംഒഎ നേതൃത്വം വ്യക്തമാക്കി. അത്യാഹിത വിഭാഗങ്ങളില്‍ പൂര്‍ണമായും സേവനം ലഭ്യമാക്കി. ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും നിയമിക്കുന്നതിന് വേണ്ടിയാണ് സമരമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആര്‍ദ്രം ദൗത്യം രേഖകളിലില്ലാത്ത കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ച് ആര്‍ദ്രം പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്.
കിടത്തിചികില്‍സ ഘട്ടംഘട്ടമായി നിര്‍ത്തിവയ്ക്കും. സംഘടന ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കിലും സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധ നിലപാടിലാണ്. പ്രതികാര നടപടികളുമായി ഏതെങ്കിലും ഡോക്ടര്‍ക്ക് സര്‍ക്കാര്‍ പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചാല്‍ സര്‍വീസിലുള്ള മുഴുവന്‍ കെജിഎംഒഎ അംഗങ്ങളും രാജിക്കത്ത് സമര്‍പ്പിക്കും. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ 17ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമെടുക്കും. സമരത്തിലേക്ക് നയിച്ച കാരണങ്ങളില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് സമരം തീര്‍പ്പാക്കാന്‍ തയ്യാറാവണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.
അതേസമയം,  ജനങ്ങളെ വെല്ലുവിളിച്ച് ഒരുവിഭാഗം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  ആവശ്യപ്പെട്ടു. പൊതുസമൂഹത്തെയാകെ വെല്ലുവിളിച്ച് സമരം ചെയ്യുന്നത് നീതീകരണമല്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top