ഡേ കെയറില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ക്രൂര മര്‍ദ്ദനം;ഉടമസ്ഥ പോലീസ് കസ്റ്റഡിയില്‍കൊച്ചി: എറണാകുളം നഗരത്തിലെ ഡേ കെയറില്‍ ഒന്നര വയസുള്ള കുട്ടിക്ക് ഉടമസ്ഥയുടെ ക്രൂര മര്‍ദ്ദനം. പാലാരിവട്ടത്തെ കളിവീട് എന്ന ഡേ കെയറിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഡേ കെയര്‍ ഉടമസ്ഥ മിനിയെ കസ്റ്റഡിയിലെടുത്തു. ഡേ കെയറില്‍ കുട്ടിയെ മര്‍ദിക്കുന്നതടക്കമുളള ദൃശ്യങ്ങള്‍ സഹിതമാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പാലാരിവട്ടം പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തി പരിശോധന നടത്തി.അതേസമയം, കുട്ടികളെ മര്‍ദ്ദിക്കാറുണ്ടോ എന്ന പോലീസിന്റെ ചോദ്യത്തിന് താന്‍ കുഞ്ഞുങ്ങളെ താലോലിക്കുകയാണ് ചെയ്യാറ് എന്നായിരുന്നു ഉടമസ്ഥയുടെ മറുപടി.
കുട്ടിയുടെ ശരീരത്ത് പാടുകള്‍ കണ്ട് പലപ്പോഴും ഡേ കെയര്‍ ഉടമസ്ഥയോട് കാര്യം തിരക്കുമ്പോള്‍ കൃത്യമായ ഉത്തരം നല്‍കാറില്ലായിരുന്നുവെന്നും രക്ഷിതാവ് പറഞ്ഞു. ഡേ കെയറില്‍ നിന്നും വീട്ടിലെത്തിയതിനു ശേഷം കുട്ടി പലതരത്തിലുളള അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. കുട്ടികള്‍ ഡേ കെയറില്‍ പോകാന്‍ മടി കാണിക്കാറുണ്ടെന്നും ഉടമസ്ഥയെ കാണുമ്പോള്‍ പേടിക്കാറുണ്ടെന്നും രക്ഷിതാക്കള്‍ പറഞ്ഞു. സ്ഥാപനമുടമ സ്ഥിരമായി കുഞ്ഞുങ്ങളെ ഉപദ്രവിക്കാറുണ്ടെന്ന് ഇവിടുത്തെ ജീവനക്കാരിയും പറയുന്നു.

RELATED STORIES

Share it
Top