ഡെങ്കിപ്പനി വ്യാപകമാവുന്നു : കൊതുകുകളുടെ ഉറവിട നശീകരണം ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ്കാസര്‍കോട്്: ഡെങ്കിപ്പനി വ്യാപകമാവുന്ന സാഹചര്യത്തില്‍ മഴക്കാലത്ത് രോഗം പരത്തുന്ന കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് ഇല്ലാതാക്കാന്‍ കൊതുകുകളുടെ ഉറവിടനശീകരണം ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ്. കൊതുകുകള്‍ പ്രധാനമായും  മുട്ടയിട്ട് പെരുകുന്നത് വീട്ടിലും പരിസരത്തും ശുദ്ധജലം തങ്ങിനില്‍ക്കുന്ന ഇടങ്ങളിലാണ്. അതുകൊണ്ട് കൊതുകുനശീകരണത്തിന്റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. കൊതുക് മുട്ടയിടുന്ന ഇടങ്ങള്‍ കണ്ടെത്തി അവ നശിപ്പിക്കുകയാണ് ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാര്‍ഗം. ചിരട്ട, ടിന്ന്, കുപ്പി, മുട്ടത്തോട്, തൊണ്ട്, പ്ലാസ്റ്റിക്, ടയര്‍, പ്ലാസ്റ്റിക് കൂട്, പ്ലാസ്റ്റിക് കപ്പ്, ഷീറ്റ്, ആട്ട് കല്ല്, ചെടിച്ചെട്ടി എന്നിവയില്‍ വെള്ളംകെട്ടി നില്‍ക്കുന്നത് ഒഴിവാക്കണം. വെള്ളക്കെട്ടുകളില്‍ മണ്ണിട്ടു നികത്തുകയോ വെള്ളം ഓട വഴി ഒഴുകി കളയുകയോ ചെയ്യുക. മരപ്പൊത്തുകള്‍ മണ്ണിട്ട് അടയ്ക്കുക. ടെറസ്സ്, സണ്‍ഷേഡ് എന്നിവിടങ്ങളില്‍  കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കികളയുക, കവുങ്ങിന്‍ പാളകള്‍ വെള്ളം തങ്ങി നില്‍ക്കാത്ത തരത്തില്‍  നീക്കം ചെയ്യുക, കൊപ്രഡ്രയര്‍ സമീപത്ത് ചിരട്ടകള്‍ സൂക്ഷിക്കുന്നവര്‍ ഷെഡ് നിര്‍മിക്കുക, അടപ്പില്ലാത്ത വെള്ള ടാങ്കുകള്‍ വല കൊണ്ട് പൊതിയുക, വാഴ, കൈത എന്നിവയുടെ ഇലയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴിവാക്കുക. റബര്‍പാല്‍ ശേഖരിക്കുവാന്‍ വെച്ചിട്ടുള്ള ചിരട്ട, കപ്പ് ഇവ ഉപയോഗ ശേഷം കമഴ്ത്തി വെയ്ക്കുക, കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ മണ്ണെണ്ണയോ കരിഓയിലോ ഒഴിച്ച് കൂത്താടികളെ നശിപ്പിക്കുക. വീടിനകത്ത് വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍ ആഴ്ചയിലൊരിക്കല്‍ കഴുകി ഉണക്കുക. ഫ്രിഡ്ജ്, കൂളര്‍ എന്നിവയുടെ അടിഭാഗത്ത് ശേഖരിക്കുന്ന വെള്ളം യഥാസമയം നീക്കുക, കൊതുകു കടി ഏല്‍ക്കാതിരിക്കാന്‍ ശരീരഭാഗം പരമാവധി മറയ്ക്കുന്ന വസ്ത്രം ധരിക്കുക, പുറത്ത് കാണുന്ന ഭാഗങ്ങളില്‍ പുല്‍തൈലം, വേപ്പെണ്ണ, യൂക്കാലി തൈലം എന്നിവ പുരട്ടുക. കൊതുകുവല ഉപയോഗിക്കുക. ജനല്‍, വെന്റിലേറ്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊതുകു കടക്കാത്ത വലക്കമ്പി അടിക്കുക. വെളുപ്പാന്‍ കാലത്തും സന്ധ്യയ്ക്കും സാമ്പ്രാണി, കുന്തിരിക്കം എന്നിവ പുകയ്ക്കുക എന്നിവ പ്രാവര്‍ത്തികമാക്കിയാല്‍ മലമ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ പകരുന്നത് നിയന്ത്രിക്കാനാകും.

RELATED STORIES

Share it
Top