ഡെങ്കിപ്പനി: ഭീതിയൊഴിയാതെ കുണ്ടാല്‍മൂല നിവാസികള്‍

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്ത് നാലാം വാര്‍ഡായ കുണ്ടാല്‍മൂലയില്‍ ഡെങ്കിപ്പനി ഭീതിയൊഴിയുന്നില്ല. ഡെങ്കിപ്പനി ബാധിച്ച് ഇവിടുത്തെ എട്ടുപേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. കുണ്ടാല്‍ മൂല, ബൈക്കുഞ്ച, നെല്ലിക്കളയ, വാന്തിച്ചാല്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് ചികില്‍സയിലുള്ളത്.
ഏതാനും ദിവസം മുമ്പ് ഡെങ്കിപ്പനിബാധിച്ച് ബൈക്കുഞ്ചയിലെ വീട്ടമ്മ മരിച്ചിരുന്നു. പ്രദേശത്തെ ഒരാള്‍ അത്യാസന്ന നിലയില്‍ മംഗളുരുവിലെ ആശുപത്രിയിലും മറ്റുള്ളവര്‍ കാസര്‍കോട്, മുള്ളേരിയ എന്നിവിടങ്ങളിലെ ആശുപത്രിയിലും ചികില്‍സയിലാണ്. അതേ സമയം പനി പടരുമ്പോള്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ട ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ ഇത് സംബന്ധിച്ചുള്ള പത്രവാര്‍ത്ത കാണുമ്പോള്‍ മാത്രമാണ് സ്ഥലം സന്ദര്‍ശിക്കാന്‍ പോലും തയ്യാറാകുന്നതെന്ന് ആക്ഷേപമുണ്ട്. മറ്റു ജില്ലകളില്‍ നിന്നും സ്ഥലമാറിയെത്തുന്ന ആരോഗ്യ വകുപ്പിലെ ചില ജീവനക്കാര്‍ ജോലി ചെയ്യാതെ മാസം ശമ്പളം കൈപ്പറ്റി ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

RELATED STORIES

Share it
Top