ഡെങ്കിപ്പനി പടരുന്നു; 326 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ ഭീതിജനകമായ രീതിയില്‍ ഡെങ്കിപ്പനി പകരുന്നു. ഈവര്‍ഷം ഇതുവരെ 326 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 2350 സംശയിക്കപ്പെടുന്ന കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ആകെ 286 ഡെങ്കിപ്പനി മാത്രമാണ് സ്ഥിരീകരിച്ചത്. എന്നാല്‍ മഴക്കാലം ആരംഭിച്ച് ഒരുമാസം പിന്നിട്ടപ്പോഴാണ് ഇത്രയും കേസുകള്‍ റിപോര്‍ട്ട് ചെയ്തത്.
ജില്ലയില്‍ ഈഡിസ് കൊതുകളുടെ വ്യാപനമാണ് ഇത് സൂചിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ മലയോര പഞ്ചായത്തുകളായ ബളാല്‍, വെസ്റ്റ് എളേരി, കോടോം-ബേളൂര്‍, കിനാനൂര്‍-കരിന്തളം എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെട്ടെങ്കില്‍ കഴിഞ്ഞ ഒന്നു രണ്ടാഴ്ചകളായി കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകള്‍, ചെങ്കള, മൊഗ്രാല്‍പുത്തൂര്‍, കുമ്പള, മധൂര്‍ പഞ്ചായത്തുകളിലുമാണ് കൂടുതലായും ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. എലിപ്പനി ഇതുവരെ സംശയിക്കപ്പെടുന്ന ആറു കേസുകളും മലേറിയ 36 കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്.
മഴക്കാലം ശക്തമായതോടെ നഗരപ്രദേശങ്ങളിലെ വീടുകള്‍ക്കുള്ളില്‍ പോലും ഡെങ്കി പരത്തുന്ന കൊതുകുകള്‍ വ്യാപകമാണ്. വീട്ടുമുറ്റത്ത് അടിഞ്ഞുകൂടുന്ന കരിയിലകളിലും പ്ലാസ്റ്റിക് കൂടുകളിലും വെള്ളം കെട്ടിനിന്നു കൊതുകുകള്‍ പെരുകുന്നുണ്ടെന്നും അതിനാല്‍ ഇക്കാര്യത്തില്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എ പി ദിനേശകുമാര്‍ പറഞ്ഞു. ഡെങ്കിപ്പനി കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ എല്ലാ ദിവസവും ഫോഗിങ് നടത്തുന്നുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഡെങ്കിപ്പനി വ്യാപകമായി പടര്‍ന്നു പിടിച്ചതെങ്കില്‍ അതേസ്ഥിതിയാണ് ഇത്തവണ ജില്ലയിലെന്നും ഡിഎംഒ പറഞ്ഞു. ജില്ലയില്‍ 2013, 2014 വര്‍ഷങ്ങളില്‍ ഇത്രയും കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടുവെങ്കിലും പിന്നീടിത് കുറഞ്ഞുവന്നിരുന്നു. കൊതുകുനശീകരണമാര്‍ഗങ്ങള്‍ അവലംബിക്കുകയും വീടുകളിലെ ജനലുകളില്‍ കൊതുക് കടക്കാത്തവിധത്തിലുള്ള നെറ്റ് ഉപയോഗിക്കണമെന്നും കൊതുകുകടിയില്‍ നിന്നും രക്ഷതേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയില്‍ നിരവധി പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികില്‍സയിലുള്ളത്.
ഈ പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെയോ പഞ്ചായത്തിന്റെയോ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള മലിനജലം പരിസര പ്രദേശങ്ങളിലേക്ക് തുറന്നുവിടുകയാണ്. മാലിന്യങ്ങളും കുന്നുകൂടിയിട്ടുണ്ട്. ഇവ നീക്കാനും നടപടിയിട്ടില്ല. ദേശീയപാതയിലെ ഉപ്പള, ഹൊസങ്കടി, മഞ്ചേശ്വരം ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ കുന്നുകൂടിയിട്ടുണ്ട്. ശക്തമായ മഴയില്‍ മാലിന്യങ്ങളില്‍ നിന്നുള്ള മലിനജലം പരിസരത്തേക്ക് ഒഴുകി കൊതുകുവളര്‍ത്തുകേന്ദ്രമായി മാറിയിട്ടുണ്ട്.

RELATED STORIES

Share it
Top